ശ്രീജിത്തിന്റെ കസ്റ്റഡിമരണം : മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ശ്രീജിത്തിന്റെ കസ്റ്റഡിമരണം : മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തിനാണ് രൂപം നല്‍കിയത്


കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തിനാണ് രൂപം നല്‍കിയത്. ശ്രീജിത്തിന് എങ്ങനെയൊക്കെ മര്‍ദനമേറ്റെന്ന് കണ്ടെത്താനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഇന്നലെ തന്നെ പ്രത്യേക സംഘം തീരുമാനമെടുത്തിരുന്നു. 

തുടര്‍ന്ന് ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരുക്കുകളും വിശകലനം ചെയ്യാന്‍ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ചു ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് രൂപീകരിക്കണമെന്നാണ് ആവശ്യമുന്നയിച്ചത്. 

ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കുന്ന രീതിയിലുള്ള പരുക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ മരണ കാരണമായ പരുക്കേതെന്നതാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആദ്യം അറിയേണ്ടത്. ഈ പരുക്കു സംഭവിച്ച സമയം, ഇതിന് ആധാരമായ മര്‍ദനം എന്നിവയും അറിയേണ്ടതുണ്ട്. 

പൊലീസിന്റെ മര്‍ദനമേറ്റാണു ശ്രീജിത്ത് മരിച്ചതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. ശ്രീജിത്തിനെ ഉരുട്ടല്‍ പോലുള്ള മൂന്നാംമുറയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com