കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ ആ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി 

മനുഷ്യാവകാശ കമ്മീഷന്‍ , കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു
കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ ആ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം:ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശ കമ്മീഷന്‍ , കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കമ്മീഷന്റെ ചുമതല വഹിക്കുന്ന ആള്‍ രാഷ്ട്രീയം പറയരുത്. അദ്ദേഹത്തിന്റെ വാക്കുകളെ അപക്വമായ നിലപാടുകളായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് മൂന്നാംമുറ പ്രയോഗിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് സ്വതന്ത്രമായി മുന്നോട്ടുപോകാമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സാമൂഹ്യമാധ്യമങ്ങളിലുടെയുളള ഹര്‍ത്താല്‍ ആഹ്വാനത്തിനെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. സാമൂഹ്യമാധ്യമങ്ങളിലുടെ ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അറ്റകുറ്റപണികള്‍ക്ക് 50000 രൂപ നല്‍കും. കടല്‍ക്ഷോഭത്തില്‍ ധനസഹായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭ ഭീതിയിലുളള കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് വെയ്ക്കാന്‍ പത്തുലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com