ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ 10 മണിയ്ക്ക് ; ചീഫ് വിപ്പിനെ സിപിഐ 20 ന് തീരുമാനിക്കും

നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക
ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ 10 മണിയ്ക്ക് ; ചീഫ് വിപ്പിനെ സിപിഐ 20 ന് തീരുമാനിക്കും

തിരുവനന്തപുരം : സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ നാളെ പാവിലെ പത്തിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ യാതൊരു ആഘോഷങ്ങളും ഇല്ലാതെയാകും സത്യപ്രതിജ്ഞ. 

സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ സംബന്ധിക്കും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജയരാജന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ തിരികെ എത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക. തിരിച്ചെത്തുന്ന ജയരാജന്‍ മന്ത്രിസഭയിലെ രണ്ടാമനാകും. 

ജയരാജന്‍ വ്യവസായ മന്ത്രിയാകുന്നതോടെ, നിലവില്‍ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും. 

സി പി ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും യോഗം അംഗീകാരം നല്‍കി. സിപിഐയുടെ ചീഫ് വിപ്പ് ആരെന്ന് 20 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗം  തീരുമാനിക്കും. മുല്ലക്കര രത്‌നാനാകരന്‍, കെ.രാജന്‍, ഇ.എസ്.ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണയിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com