എംഎല്‍എമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ചികില്‍സാ ആനുകൂല്യങ്ങള്‍ പണമായി നല്‍കരുതെന്ന ശുപാര്‍ശ ഇപ്പോഴും ഫ്രീസറില്‍

സാമാജികരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനര്‍ നിര്‍ണയിക്കാനായി നിയോഗിച്ച ജെയിംസ് കമ്മീഷന്‍ 2017 ഓഗസ്റ്റിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്
എംഎല്‍എമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ചികില്‍സാ ആനുകൂല്യങ്ങള്‍ പണമായി നല്‍കരുതെന്ന ശുപാര്‍ശ ഇപ്പോഴും ഫ്രീസറില്‍

തിരുവനന്തപുരം : എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ചികില്‍സാ ചെലവുകള്‍ മിക്ക സര്‍ക്കാരുകളുടെ കാലത്തും വിവാദത്തിന് വഴിവെക്കാറുണ്ട്. ഇത്തവണ ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്റെ ചികില്‍സയും മന്ത്രി കെ കെ ശൈലജയുടെയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും കണ്ണട വാങ്ങിയ ചെലവും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. അതേസമയം നിയമസഭാ സാമാജികരുടെ ചികില്‍സാ ആനുകൂല്യങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തുടര്‍നടപടി കൈക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത. 

നിയമസഭാ സാമാജികരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനര്‍ നിര്‍ണയിക്കാനായി നിയോഗിച്ച ജെയിംസ് കമ്മീഷന്‍ 2017 ഓഗസ്റ്റിലാണ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മെഡിക്കല്‍ ആനുകൂല്യങ്ങള്‍, റീ ഇംപേഴ്‌സ്‌മെന്റ് സമ്പ്രദായം വഴി പണമായി സാമാജികര്‍ക്ക് നല്‍കരുത്. പകരം അവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഇങ്ങനെ ചെയ്താല്‍ ഖജനാവിന് ഇത്രമാത്രം സാമ്പത്തിക ഭാരം വരില്ല. 

കൂടാതെ, തോന്നുംപടി ബില്ലുകള്‍ ഹാജരാക്കി പണം കൈപ്പറ്റുന്ന രീതി അവസാനിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ അതത് ബില്ലുകള്‍ കൃത്യമായി പരിശോധിച്ചശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഖജനാവിന് ഇതായിരിക്കും ലാഭകരമെന്നാണ് ജെയിംസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ശുപാര്‍ശ ലഭിച്ച് ആറുമാസമായിട്ടും സര്‍ക്കാര്‍ യാതൊരു തുടര്‍നടപടികളും എടുത്തിട്ടില്ല. 

2016 ഒക്ടോബര്‍ മുതല്‍ 2018 ജനുവരി വരെ ചികില്‍സയ്ക്കായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 4,25,594 രൂപ റീ-ഇംപേഴ്‌സ്‌മെന്റായി കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ശ്രീരാമകൃഷ്ണന് ഏതൊക്ക അസുഖത്തിനാണ് ചികില്‍സിച്ചതെന്നോ നിയമസഭാ സെക്രട്ടേറിയറ്റില്‍ രേഖകളില്ല. മന്ത്രി ശൈലജയും ഭരണ പ്രതിപക്ഷ എംഎല്‍എമാരും ചികില്‍സാ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത് നേരത്തെ പുറത്ത് വന്നിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ജെയിംസ് കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com