ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് വിശ്വാസികളുടെ വികാരങ്ങള്‍ക്കെതിര് ; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

സ്ത്രീകളോടുള്ള വിവേചനമല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിബന്ധനയെന്നും ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് വിശ്വാസികളുടെ വികാരങ്ങള്‍ക്കെതിര് ; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനാകില്ല. ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആചാരശുദ്ധി പാലിക്കാനാവില്ല. സ്ത്രീകളോടുള്ള വിവേചനമല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നിബന്ധനയെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. 

ഭൂരിഭാഗം അയ്യപ്പക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. പിന്നെന്തിനാണ് ശബരിമലയിലെ പ്രവേശനത്തിനായി സ്ത്രീകള്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി ചോദിച്ചു. എന്നാല്‍ അവര്‍ക്ക് അവിടെ വിശ്വാസമുള്ളതിനാലാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഒട്ടേറെ ജഗന്നാഥ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും പുരിയില്‍ പോകാന്‍ ആളുകള്‍ തിരക്കു കൂട്ടുന്നതായും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 41 ദിവസത്തെ വ്രതം എന്നത് തന്നെ പരോക്ഷമായി സ്ത്രീകളെ വിലക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയെന്ന് അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചു. പ്രായം കണക്കിലെടുക്കേണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചു. 55 വയസ്സിലധികം ഒരാള്‍ ജീവിച്ചിരിക്കുമോ എന്ന് പറയാനാകില്ല. സ്ത്രീ പ്രവേശനത്തെ വിലക്കുന്നത് മൗലികാവകാശ ലംഘനമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി. ഇത് കേരളത്തിന്റെ നിലപാടായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് കോടതി മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com