അഭിമന്യു വധം : കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

അഭിമന്യു വധം : കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിലായി. കാംപസ് ഫ്രണ്ട് നേതാവും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.ബാംഗ്ലൂരില്‍ നിന്നാണ് റിഫയെ പൊലീസ് പിടികൂടിയത്. അഭിമന്യുവിനെ ആക്രമിക്കാന്‍ കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയാണെന്ന് പൊലീസ് സൂചിപ്പിച്ചു. 

കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് മുഹമ്മദ് റിഫ. കൊച്ചി പൂത്തോട്ട എല്‍എല്‍ബി കോളേജ് വിദ്യാര്‍ത്ഥിയാണ്. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കൂടിയായ റിഫ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുടെ തുടക്കം മുതല്‍ റിഫ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

മഹാരാജാസ് കോളേജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത ഉടന്‍ അക്രമി സംഘത്തെ കാംപസിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും, ആരിഫ് ബിന്‍ സലിഹും ആണെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിലെ മുഖ്യകണ്ണിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്. കേസിലെ മറ്റൊരു പ്രധാനപ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് നേരത്തെ പിടിയിലായിരുന്നു. മുഹമ്മദ് റിഫയെയും, മറ്റ് പ്രതികളെയും ചോദ്യം ചെയ്യുന്നതോടെ കുത്തിയ ആളെക്കുറിച്ചും, അയാളുടെ ഒളിവിടത്തെക്കുറിച്ചും അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അഭിമന്യു വധത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ റിഫ സജീവമായിരുന്നു. എന്നാൽ ഏതാനും ദിവസത്തിനകം, കൊലപാതകത്തിൽ തന്റെ നേർക്ക് കൂടി അന്വേഷണം തിരിയുന്നു എന്ന് മനസ്സിലായതോടെ മുഹമ്മദ് റിഫ ഫെയ്സ്ബുക്ക് ഡി ആക്ടിവേറ്റ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. 

സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽ നിന്നു കാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാൾ. കേസിൽ നേരത്തെ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തിൽ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അടക്കം ഇയാൾ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. 

തോപ്പുംപടി മത്സ്യബന്ധന ഹാർബറിലെ യൂണിയൻ പ്രവർത്തകനായിരുന്ന സനീഷ് നഗരത്തിലെ മാലിന്യനീക്ക കരാറിലും പങ്കാളിയാണ്. മഹാരാജാസിൽ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ, അഭിമന്യു അടക്കം മൂന്നു വിദ്യാർഥികൾക്കാണ് കുത്തേറ്റത്. കേസിൽ നേരത്തെ അറസ്റ്റിലായ  മഹാരാജാസ് കോളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദിനെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിൽ സനീഷിന്റെ പങ്കു വ്യക്തമായത്. കേസിൽ നേരത്തെ പിടിയിലായ കെ ഐ നിസാർ, ബി എസ് അനൂപ് എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com