കെവിന്‍ കൊലപാതകത്തില്‍ രാഷ്ട്രീയ ഇടപെടലില്ല; നീനുവിന്റെ അമ്മയുടെ പങ്ക് പരിശോധിക്കുന്നുവെന്ന് ഐജി 

പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഐ ജി വിജയ് സാഖറെ.
കെവിന്‍ കൊലപാതകത്തില്‍ രാഷ്ട്രീയ ഇടപെടലില്ല; നീനുവിന്റെ അമ്മയുടെ പങ്ക് പരിശോധിക്കുന്നുവെന്ന് ഐജി 

കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഐ ജി വിജയ് സാഖറെ. കേസില്‍ നീനുവിന്റെ അമ്മ രഹ്‌നയുടെ പങ്ക് വ്യക്തമായിട്ടില്ല. ഇത് പരിശോധിച്ചുവരുകയാണെന്നും ഐജി പറഞ്ഞു.

തട്ടിക്കൊണ്ടുപോയ കെവിനെ വധുവിന്റെ ബന്ധുക്കള്‍  മരണത്തിലേക്ക് തളളിവിടുകയായിരുന്നുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു കെവിന്റെ വധു നീനുവിന്റെ സഹോദരന്‍ സാനു, പിതാവ് ചാക്കോ എന്നിവര്‍ ഉത്തരവാദികളാണെന്നും ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നീനുവിന്റെ ബന്ധുക്കള്‍ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയ കെവിന്‍ തെന്മലയ്ക്ക് സമീപം ചാലിയേക്കരയില്‍ വച്ചു കാറില്‍ നിന്നും ഇറങ്ങിയോടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ കെവിന്‍ പുഴയില്‍ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ട്, ഗുണ്ടാസംഘം കെവിനെ പിന്തുടരുന്നത് നിര്‍ത്തി. മുന്നോട്ടോടുന്ന കെവിന്‍ പുഴയില്‍ വീണ് മരിക്കുമെന്ന് അറിഞ്ഞ് തന്നെയാണ് പ്രതികള്‍ പിന്‍വാങ്ങിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പുഴയില്‍ മുക്കിക്കൊന്നുവെന്ന സംശയം നിലനില്‍ക്കേയാണ് പൊലീസ് റിപ്പോര്‍ട്ട്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്നും നീനുവിന്റെ സഹോദരന്‍ ഷാനു, പിതാവ് ചാക്കോ, െ്രെഡവര്‍ മനു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും ആറാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി.സാരഥി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നീനുവിന്റെ പിതാവും ആറാം പ്രതിയുമായ ചാക്കോയാണ് ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരന്‍.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കൃത്യം നിര്‍വഹിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com