കെവിന്‍ വധം: എഎസ്‌ഐ വാങ്ങിയത് 2000 രൂപ  

നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ബിജു ആക്രമിസംഘത്തില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന് പൊലീസ്
കെവിന്‍ വധം: എഎസ്‌ഐ വാങ്ങിയത് 2000 രൂപ  

കോട്ടയം: കെവിനെ തട്ടികൊണ്ടുപോയ സാനു ചാക്കോയുടെയും കൂട്ടാളികളുടെയും കൈയ്യില്‍ നിന്ന് എഎസ്‌ഐ വാങ്ങിയത് 2000രൂപ കൈകൂലി. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ബിജു ആക്രമിസംഘത്തില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന് പൊലീസ് പറഞ്ഞു. കെവിനെ തട്ടികൊണ്ടുപോകാനായല്ല സാനുവും കൂട്ടാളികളും എഎസ്‌ഐക്ക് പണം നല്‍കിയതെന്നും മറിച്ച് ഇവര്‍ യാത്ര ചെയ്ത കാറിന്റെ നമ്പര്‍ പ്ലേറ്റ് ചെളി പറ്റിയതുപോലെ മറച്ചിരുന്നതിനാലാണെന്നും പൊലീസ്. 

സാനുവും ഒപ്പമുണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും പെട്രോളിംഗില്‍ കണ്ടെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും നമ്പര്‍പ്ലേറ്റ് മറച്ചതിനും കസ്റ്റഡിയില്‍ എടുക്കുന്നത് ഒഴിവാക്കാനാണ് ഇവര്‍ എഎസ്‌ഐയ്ക്ക് കൈകൂലി നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സാനുവിന്റെയും സംഘടത്തിന്റെയും കാര്‍ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഇവരുടെ വാഹനം കടന്നുപോയി അല്‍പസമയത്തിനകമാണ് കെവിന്റെ തട്ടികൊണ്ടുപോകല്‍ സംബന്ധിച്ചു പെട്രോളിംഗ് സംഘത്തിന് വിവരം ലഭിക്കുന്നത്. അപ്പോള്‍ മാത്രമാണ് എഎസ്‌ഐയ്ക്ക് കടത്തിവിട്ട വാഹനത്തില്‍ ആക്രമിസംഘമായിരുന്നെന്ന് മനസിലായത്. ഉടന്‍തന്നെ അദ്ദേഹം തെന്മല സ്‌റ്റേഷനില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിരുന്നു, ഐജി പറഞ്ഞു.

എന്നാല്‍ കാറിന്റെ രജിസ്റ്റര്‍ നമ്പര്‍ സംശയകരമായ രൂതിയില്‍ മറച്ചതിന് ഇവര്‍ക്കെതിരെ എഎസ്‌ഐ നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഐജി പറയുന്നു. കൈക്കൂലി വാങ്ങിയതിനും കൃത്യവിലോപത്തിനുമാണ് ഇപ്പോള്‍ എഎസ്‌ഐ ബിജുവിനെയും സിവില്‍ പൊലീസ് ഓഫീസര്‍ അജയ്കുമാറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കെവിനെ തട്ടികൊണ്ടുപോയതില്‍ ബിജുവിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും വിജയ് സാഖറെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com