താരസംഘടനയിലെ പ്രതിസന്ധിക്കു കാരണം മോഹന്‍ലാലിന്റെ പിടിപ്പുകേടെന്ന് വിമര്‍ശനം; ക്ലൈമാക്‌സില്‍ പൃഥിരാജ് എത്തുമോയെന്ന് ആകാംക്ഷ 

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന പുതിയ നേതൃത്വം സ്ഥാനമേറ്റതിനു പിന്നാലെ ദിലീപിനെ സംഘടനയിലേക്കു തിരിച്ചെടുത്തത് വരുവരായ്കകള്‍ ആലോചിക്കാതെയുള്ള നടപടിയായി
താരസംഘടനയിലെ പ്രതിസന്ധിക്കു കാരണം മോഹന്‍ലാലിന്റെ പിടിപ്പുകേടെന്ന് വിമര്‍ശനം; ക്ലൈമാക്‌സില്‍ പൃഥിരാജ് എത്തുമോയെന്ന് ആകാംക്ഷ 


കൊച്ചി: നാലു നടിമാരുടെ രാജിയോടെ താരസംഘടനയായ 'അമ്മ'യിലുണ്ടായ പ്രതിസന്ധിക്കു കാരണമായത് പുതിയ നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന വിമര്‍ശനം ശക്തമാവുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന പുതിയ നേതൃത്വം സ്ഥാനമേറ്റതിനു പിന്നാലെ ദിലീപിനെ സംഘടനയിലേക്കു തിരിച്ചെടുത്തത് വരുവരായ്കകള്‍ ആലോചിക്കാതെയുള്ള നടപടിയായിപ്പോയെന്നാണ് സിനിമാ രംഗത്തു തന്നെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 

'അമ്മ'യുടെ പുതിയ നേതൃത്വത്തിന് പറ്റിയ ഏറ്റവുംവലിയ വീഴ്ചയാണ് അധികാരമേല്‍ക്കുന്ന യോഗത്തില്‍ത്തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന്, ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദീലീപിന്റെയും അമ്മ നേതൃത്വത്തിന്റെയും സ്വാധീനം ബോധ്യമുള്ള ഇവര്‍ പരസ്യമായ അഭിപ്രായ പ്രകടനത്തിന് ഒരുക്കമല്ല. സംഘടനയ്ക്കുള്ളില്‍ ശക്തനെങ്കിലും ദിലീപിനെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞത് മമ്മുട്ടിയും ഇന്നസെന്റും അടക്കമുള്ള പഴയ നേതൃത്വത്തിന്റെ നേട്ടമായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുവഴി ദിലീപിനെ സംരക്ഷിക്കുന്നുവെന്ന പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ താരസംഘനയ്ക്കായിരുന്നുവെന്ന് അവര്‍ പറയുന്നു. മോഹന്‍ലാല്‍ അടക്കമുള്ള നേതൃത്വം വന്നതോടെ ഇതാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഇപ്പോള്‍ താര സംഘടന മലയാളി സമൂഹത്തിന്റെ ശത്രുപക്ഷത്തായി. നേതൃത്വത്തില്‍ ഉള്ളവര്‍ക്കോ അംഗങ്ങള്‍ക്കോ മറുപടി പറയുന്നതിനു രംഗത്തുവരാന്‍ പോലും പറ്റാത്ത വിധത്തില്‍ കാര്യങ്ങളെ എത്തിച്ചത് പുതിയ നേതൃത്വമാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. 

ദിലീപിനുവേണ്ടി തുടക്കംതൊട്ടേ ചരടുവലിച്ചിരുന്ന ചിലര്‍ യോഗത്തില്‍ അജന്‍ഡയിലില്ലാത്ത വിഷയമായി ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉയര്‍ത്തിക്കൊണ്ടുവരുകയും അതിന് വഴങ്ങാന്‍ നേതൃത്വം നിര്‍ബന്ധിതമാകുകയുമായിരുന്നു. ഊര്‍മിള ഉണ്ണിയെക്കൊണ്ട് തന്ത്രപരമായി വിഷയം അവതരിപ്പിച്ച് ചര്‍ച്ച പോലുമില്ലാതെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിച്ചത്. ഈ തന്ത്രം തിരിച്ചറിയുന്നതില്‍ സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്നവര്‍ പരാജയപ്പെട്ടു. ദിലീപിന്റെ പുറത്താക്കലോടെ സംഘടനയ്ക്കുള്ളില്‍ ഏതാണ്ട് തണുത്തുനിന്ന വിഷയം ഇതോടെ വീണ്ടും ചൂടുപിടിക്കുകയും പൊട്ടിത്തെറിയിലേക്ക് എത്തുകയുമായിരുന്നു.

അതിനിടെ, രാജിവച്ചവര്‍ക്കു പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുമോയെന്ന ആകാംക്ഷ ശക്തമാണ്. അതു സംഭവിച്ചാല്‍ താരസഘടന പിളര്‍പ്പിലേക്കു നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നടി ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാ രംഗത്തുനിന്ന് ആദ്യം ശക്തമായി പ്രതികരിച്ചതും പിന്തുണച്ചതും പൃഥ്വിരാജാണ്. അമ്മ എക്‌സിക്യൂട്ടിവ് യോഗ വേളയില്‍ പരസ്യമായി മാധ്യമങ്ങളോടു പ്രതികരിക്കാനും അന്ന് പൃഥ്വിരാജ് തയാറായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം. 

എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പൃഥ്വി രാജിനെ പിന്തുണച്ച് ആസിഫ് അലിയുണ്ടായിരുന്നു. ദിലീപിനെ പുറത്താക്കണമെന്നുതന്നെയാണ് അഭിപ്രായം എന്നതരത്തില്‍ യോഗത്തിനുമുമ്പ് മാധ്യമങ്ങള്‍ക്കുമുമ്പാകെ സംസാരിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് ആസിഫ് അലി ഇതില്‍നിന്നു പിന്നാക്കം പോയിരുന്നു. പരസ്യമായി പിന്നീട് ആരും പൃഥ്വിയെ പിന്തുണച്ചു രംഗത്തുവന്നതുമില്ല. 

ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ പൃഥിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ 'ലൂസിഫറി'ലെ നായകന്‍ മോഹന്‍ലാലാണ്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരേ കലാപത്തിന് പൃഥ്വി തയാറാവില്ലെന്നാണ് സിനിമാ രംഗത്തുള്ളവര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com