പടച്ചോന്‍ നേരിട്ട് പ്രഖ്യാപിച്ച വിധി : ഷുഹൈബിന്റെ സഹോദരി

സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഷുഹൈബിന്റെ പിതാവ്
പടച്ചോന്‍ നേരിട്ട് പ്രഖ്യാപിച്ച വിധി : ഷുഹൈബിന്റെ സഹോദരി

കൊച്ചി : ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. സത്യം മാത്രമേ ജയിക്കൂവെന്ന് തെളിഞ്ഞതായി ഷുഹൈബിന്റെ സഹോദരി പ്രതികരിച്ചു. പടച്ചോന്‍ നേരിട്ട് പ്രഖ്യാപിച്ച വിധിയാണ്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരു നിന്നത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഷുഹൈബിനെ കൊന്നതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുവരണമെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. സിപിഎമ്മിലെ നേതാക്കള്‍ക്ക് വധത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ട്. സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിതാവ് ആരോപിച്ചു. 

ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താം. പൊലീസ് അന്വേഷണം കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പൊലീസ് തിരുവനന്തപുരം സിബിഐ യൂണിറ്റിന് കൈമാറണം. സിബിഐക്ക് വേണമെങ്കില്‍ പുതിയ കേസായി തന്നെ അന്വേഷണം നടത്താമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും ഏറ്റ തിരിച്ചടിയാണ് കോടതി വിധി. മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍തയില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു. സത്യം പുറത്തുവരുമെന്നുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും പ്രതികരിച്ചു. സിബിഐ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com