സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ല: മന്ത്രി ടി പി രാമകൃഷ്ണൻ

അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കു. മദ്യവില കൂട്ടില്ലെന്നും നികുതി ഘടനയിൽ വരുത്തിയ മാറ്റം തുടരുമെന്നും മന്ത്രി
സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ല: മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കു. സംസ്ഥാനത്ത് യുഡിഎഫ് ഭരിച്ചപ്പോൾ ഉണ്ടായ അത്രയും മദ്യശാലകൾ ഇപ്പോൾ ഉണ്ടാകില്ല. മദ്യവില കൂട്ടില്ലെന്നും നികുതി ഘടനയിൽ വരുത്തിയ മാറ്റം തുടരുമെന്നും മന്ത്രി അറിയിച്ചു. 

പഞ്ചായത്തുകൾ അടച്ചുപൂട്ടിയ ബാറുകൾ നിയമാനുസൃതമായേ തുറക്കുകയുള്ളൂ. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാൻ വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇവിടങ്ങളിലും കൂടുതല്‍ ബാറുകള്‍ തുറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചത്. എല്‍ഡിഎഫ് നയമനുസരിച്ച് ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകള്‍ക്കു മാത്രമേ സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ കഴിയൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com