

തിരുവനന്തപുരം : പി രാജീവും കെ എൻ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ 15 ൽ നിന്നും 16 ആക്കി ഉയർത്തുകയായിരുന്നു. അതേസമയം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിലവിലെ സെക്രട്ടേറിയറ്റിൽ വി വി ദക്ഷിണാമൂർത്തിയുടെ നിര്യാണത്തെ തുടർന്ന് ഒരു ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേക്ക് കെ എൻ ബാലഗോപാലിനെ ഉൾപ്പെടുത്തി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ കൂടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. എൺപതു വയസ് പിന്നിട്ടെങ്കിലും, ആനത്തവട്ടം ആനന്ദനെ സെക്രട്ടേറിയറ്റിൽ നിലനിർത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ, എം.വിജയകുമാർ, കൊല്ലം ജില്ലാ മുൻ സെക്രട്ടറി കെ.രാജഗോപാല്‍, ടി എന്‍ സീമ തുടങ്ങിയവരുടെ പേരുകളാണ് സെക്രട്ടേറിയറ്റിലേക്ക് സജീവമായി ഉയർന്നു കേട്ടിരുന്നത്. കൂടാതെ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കുക ലക്ഷ്യമിട്ട് മന്ത്രിമാരെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, പി കരുണാകരന്‍, പികെ ശ്രീമതി, ടി എം തോമസ് ഐസക്ക്, ഇ പി ജയരാജന്‍, എളമരം കരിം, എംവി ഗോവിന്ദന്‍, എ കെ ബാലന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ്, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍
പി രാജീവിനെയും, കെഎൻ ബാലഗോപാലിനെയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയതോടെ, രണ്ട് ജില്ലകളിലും പുതിയ ജില്ലാ സെക്രട്ടറിമാർ വരും. വിഭാഗീയത കെട്ടടങ്ങിയ എറണാകുളത്ത് രാജീവിനെ മാറ്റുന്നത് വീണ്ടും വിഭാഗീയത മൂർച്ഛിക്കാൻ ഇടയാക്കുമോ എന്നതും സജീവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates