തച്ചങ്കരി ഇനി 'കെഎസ്ആർടിസി ഡ്രൈവറാകുന്നു' ; ഹെവി വെഹിക്കിള്‍ ലൈസന്‍സിന് അപേക്ഷ നല്‍കി

ഇതൊരു തുടക്കം മാത്രം. തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയാനാണ് ഈ പണി ചെയ്യുന്നത്. ഇനിയും ഇങ്ങനെ പലതും ചെയ്യേണ്ടിവരും
തച്ചങ്കരി ഇനി 'കെഎസ്ആർടിസി ഡ്രൈവറാകുന്നു' ; ഹെവി വെഹിക്കിള്‍ ലൈസന്‍സിന് അപേക്ഷ നല്‍കി

തിരുവനന്തപുരം: കഴിഞ്ഞ മെയ്ദിനത്തിൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി രം​ഗത്തുവന്ന എംഡി ടോമിൻ തച്ചങ്കരി തന്റെ പരീക്ഷണങ്ങൾ അവസാനിപ്പിക്കുന്നില്ല. ഇനി കെഎസ്ആർടിസിയുടെ വളയം പിടിക്കാനാണ് ആലോചന. ഇതിനായി ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ ലൈസന്‍സിനായി തച്ചങ്കരി അപേക്ഷ നല്‍കിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസന്‍സ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു.

ഇത് വെറും പടമല്ലേ, ഡ്രൈവറാകാനും മെക്കാനിക്കാകാനും പറ്റുമോ എന്ന് ചോദിക്കുന്നവരോട് തച്ചങ്കരിയുടെ മറുപടി ഇപ്രകാരം. ഇതൊരു തുടക്കം മാത്രം. തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയാനാണ് ഈ പണി ചെയ്യുന്നത്. ഇനിയും ഇങ്ങനെ പലതും ചെയ്യേണ്ടിവരും. തച്ചങ്കരി പറയുന്നു. ഡ്രൈവറാകാനുള്ള പരിശീലനവും തച്ചങ്കരി തുടങ്ങിക്കഴിഞ്ഞു. 

കണ്ടക്ടർ പരീക്ഷ വിജയിച്ച് ലൈസൻസ് കിട്ടിയ തച്ചങ്കരി മെയ്ദിനത്തിലാണ് കണ്ടക്ടർ കുപ്പായമണിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 10.45-ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ട തിരുവനന്തപുരം- കോഴിക്കോട് സൂപ്പര്‍ഫാസ്റ്റിലാണ് തച്ചങ്കരി ഇരട്ടബെല്ലടിച്ചത്. തിരുവല്ലയില്‍ എത്തിയപ്പോള്‍ തച്ചങ്കരി കണ്ടക്ടര്‍ സേവനം അവസാനിപ്പിച്ചു. ജീവനക്കാരുമായി ആശയ വിനിമയം നടത്തി. ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരുടെ പരാതികളും എം ഡി ടോമിൻ തച്ചങ്കരി കേട്ടു. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തച്ചങ്കരി ആവർത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com