നിപ്പ വൈറസ്: ഗുളികകള്‍ ഇന്ന് വിതരണം തുടങ്ങും; കരുതലോടെ സര്‍ക്കാര്‍ 

നിപ്പ വൈറസ് ബാധയ്ക്കുള്ള ഗുളിക റിബ വൈറിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് വിതരണം തുടങ്ങും
നിപ്പ വൈറസ്: ഗുളികകള്‍ ഇന്ന് വിതരണം തുടങ്ങും; കരുതലോടെ സര്‍ക്കാര്‍ 

കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്കുള്ള ഗുളിക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് വിതരണം തുടങ്ങും.  റിബ വൈറിനെന്ന എട്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നാണ് എത്തിച്ചത്. ബാക്കി ഗുളികകള്‍ കൂടി ഇന്നെത്തും. മറ്റു വാക്‌സിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റിബാ വൈറിന്‍ നല്‍കാന്‍ തീരുമാനിച്ചത്. 

വൈറസ് ബാധയെ തുടര്‍ന്ന് 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.തിരൂരങ്ങാടി തെന്നലയില്‍ നിപ്പ വൈറസ് മൂലം മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇവരുമായി ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. 

മൂന്നിയൂരില്‍ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനെ പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതേസമയം 11 പേരുടെ മരണത്തിന് കാരണമാക്കിയ നിപ്പ വൈറസ് പനിയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു
 
അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഏഴ് സാമ്പിളുകളായിരുന്നു നിപ്പ ബാധയുണ്ടോയെന്നറിയാന്‍ പരിശോധനയ്ക്കയച്ചിരുന്നത്. ഇതില്‍ അഞ്ച് പേരിലും റിസല്‍ട്ട് നെഗറ്റീവ് ആണ്. രണ്ടെണ്ണത്തിന്റെ ഫലം പുറത്ത് വന്നിട്ടില്ല.ഇതിനിടെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ആരോഗ്യ വകുപ്പിന്റെ സവിശേഷ ശ്രദ്ധയില്‍ ആയതിനാല്‍ ആവശ്യമെങ്കില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com