കെവിന്‍ കൊലപാതകം: ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനെന്ന് അക്രമിസംഘം പറഞ്ഞതായി അനീഷ് 

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണ് ലഭിച്ചിരിക്കുന്നതെന്ന് അക്രമിസംഘം പറഞ്ഞതായി അനീഷിന്റെ മൊഴി.
കെവിന്‍ കൊലപാതകം: ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനെന്ന് അക്രമിസംഘം പറഞ്ഞതായി അനീഷ് 

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണ് ലഭിച്ചിരിക്കുന്നതെന്ന് അക്രമിസംഘം പറഞ്ഞതായി അനീഷിന്റെ മൊഴി. 'കെവിനെയും നിന്നെയും തട്ടിക്കൊണ്ടുപോയി തെന്മലയില്‍ കൊണ്ടുചെന്നാക്കിയാല്‍ മതി. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് നേരെ ഗോവയ്ക്കു പോകണം'' തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഇങ്ങനെ അറിയിച്ചെന്ന് കെവിനൊപ്പം അക്രമിസംഘം തട്ടിക്കൊണ്ടുപോയ അനീഷ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

27ന് വെളുപ്പിന് രണ്ടുമണിക്കാണ് ഒരുസംഘം മാന്നാനത്തെ അനീഷിന്റെ വീട്ടില്‍ വന്നത്. അടുക്കളവാതില്‍ തല്ലിത്തകര്‍ത്ത് അവര്‍ അകത്തുകയറി. ശബ്ദംകേട്ട് ചെന്നുനോക്കുമ്പോള്‍ കെവിനെ അവര്‍ തൂക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു. രണ്ടുപേര്‍ എന്നെ കഴുത്തില്‍ വാള്‍ ചൂണ്ടി ഭീഷണിപ്പെടുത്തി. മൂക്കും കണ്ണും ചേരുന്നിടത്ത് ശക്തമായി ഇടിച്ചു.

പകുതി ബോധംപോയ അവസ്ഥയില്‍ വീടിനുമുന്നില്‍ നിര്‍ത്തിയ കാറില്‍ കയറ്റി. ആ സമയം അരണ്ട വെളിച്ചത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കെവിനെ കയറ്റുന്നതുകണ്ടു. എന്റെ കാറില്‍ അഞ്ചുപേരുണ്ടായിരുന്നു. ഏറ്റവും പിന്നില്‍ ഞാന്‍. എന്റെ കണ്ണ്, തല, തോള്‍ എന്നിവിടങ്ങളില്‍ മാറിമാറി അടിച്ചു. അതിനിടയിലാണ് അവര്‍ ക്വട്ടേഷനെക്കുറിച്ച് ഉള്‍പ്പെടെ പലതും പറഞ്ഞത്.

തെന്മലയില്‍ വച്ച് ഛര്‍ദിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒരിടത്ത് നിര്‍ത്തി. അവിടെ ഇറക്കി നിര്‍ത്തിയപ്പോള്‍ മറ്റൊരു കാറും വന്നുനിന്നു.അതില്‍നിന്ന് കെവിനെ ഇറക്കി. അവന് ചാരിയിരിക്കാന്‍പോലും പറ്റുമായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു, കെവിന്‍ ഓടിരക്ഷപ്പെട്ടെന്ന്. അങ്ങനെ ഓടാന്‍പറ്റുന്ന അവസ്ഥയിലായിരുന്നില്ല അവനെന്ന് ഉറപ്പാണെന്നും അനീഷിന്റെ മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് മറ്റൊരു കാറില്‍ എന്നെ കയറ്റി. നീനുവിന്റെ സഹോദരന്‍ ഷാനുവും മറ്റു രണ്ടുപേരും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് ഫോണ്‍ ഡയല്‍ ചെയ്തുതന്നു. ഗാന്ധിനഗര്‍ േപാലീസ് സ്‌റ്റേഷന്‍ എസ്.ഐ.യെയാണ് വിളിക്കുന്നതെന്നും കെവിന്‍ രക്ഷപ്പെട്ടു, താന്‍ സുരക്ഷിതനാണ്, വീടിന്റെ നഷ്ടപരിഹാരമായി 50,000 രൂപയും തന്നിട്ടുണ്ട് എന്നു പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് അനുസരിച്ചു.

പത്തനാപുരത്തുനിന്ന് ടാക്‌സിയില്‍ കയറ്റിവിടാമെന്നു പറഞ്ഞു. ടാക്‌സി സ്റ്റാന്‍ഡില്‍ വന്നിട്ട് വീണ്ടും എസ്.ഐ.യോട് സംസാരിക്കാന്‍ പറഞ്ഞു. 'ഞാന്‍ എസ്.ഐ.'യാണെന്ന് പറഞ്ഞാണ് ഫോണ്‍ എടുത്തയാള്‍ സംസാരിച്ചു തുടങ്ങിയത്. മുന്‍പ് പറഞ്ഞതുപോലെ ആവര്‍ത്തിച്ചു. എന്റെ ഒരു ചേട്ടനെ വിളിച്ചും ഇതുപോലെ പറയിച്ചു. അതുകഴിഞ്ഞ് ഷാനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിര്‍ത്തി. ഷാനുവും കൂടെയുള്ളയാളും കുളിച്ചു. എനിക്ക് ബാത്ത്‌റൂമില്‍ പോകാനും മൂത്രം ഒഴിക്കാനും അവസരം തന്നു.

പിന്നീട് മറ്റൊരു വാഹനത്തിലാണ് എന്നെ കയറ്റിയത്. അപ്പോള്‍ സമയം രാവിലെ എട്ടരയായി.ഇതിനിടെ, ഹോസ്റ്റലില്‍ച്ചെന്ന് ഈ കാറില്‍ നീനുവിനെ കയറ്റിവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു. പക്ഷേ, കുമാരനല്ലൂര്‍ ആയപ്പോള്‍ അവര്‍ ഏതോ പെണ്‍കുട്ടിയെ വിളിച്ച് ഹോസ്റ്റലിലെ നമ്പര്‍ എടുത്തു. ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ നീനുവിനെ വനിതാ പോലീസ് കൊണ്ടുപോയെന്നറിഞ്ഞു. അപ്പോള്‍ അവര്‍ക്ക് പേടിയായി.

അങ്ങനെ അവര്‍ എന്നെ ഗാന്ധിനഗറില്‍ ഇറക്കി. സ്‌റ്റേഷനില്‍പ്പോയി പരാതി ഒഴിവാക്കണം. അവളെ പറഞ്ഞുവിടണം. അതിബുദ്ധി കാണിച്ചാല്‍ കൊന്നുകളയുമെന്ന് പറഞ്ഞാണ് അവര്‍ പോയതെന്നും അനീഷ് മൊഴിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com