നെയ്യാറ്റിന്‍കര സനല്‍ വധം : ഡിവൈഎസ്പിയെ രക്ഷപ്പെടാന്‍ സഹായിച്ച ആള്‍ പിടിയില്‍

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധത്തില്‍ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
നെയ്യാറ്റിന്‍കര സനല്‍ വധം : ഡിവൈഎസ്പിയെ രക്ഷപ്പെടാന്‍ സഹായിച്ച ആള്‍ പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധത്തില്‍ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 

സനല്‍കുമാര്‍ വധത്തിന് ശേഷം ഡിവൈഎസ്പി ഹരികുമാര്‍ തൃപ്പരപ്പിലെ ലോഡ്ജിലെത്തിയിരുന്നു. ഇവിടെ എത്തിയ ഡിവൈഎസ്പിക്ക് സതീഷ് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സിംകാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്ന് പൊലീസ് അറിയിച്ചു. 

ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും സംഭവത്തിന് പിന്നാലെ ലോഡ്ജില്‍ എത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സതീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാവ്ച രാവിലെ എട്ടു മണിയോടെ പ്രതികള്‍ തൃപ്പരപ്പില്‍ നിന്നും പോയതായും സതീഷ് വെളിപ്പെടുത്തി. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കാര്‍ ഡ്രൈവറെ ഏര്‍പ്പാടാക്കിയതും സതീഷാണ്. 

സതീഷിന്റെ ഡ്രൈവറായ രമേശാണ് ഇവരെ തൃപ്പരപ്പില്‍ നിന്നും മാറ്റിയത്. രമേശും ഒളിവിലാണ്.  പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡിവൈഎസ്പി കീഴടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഏത് വിധേനയും അറസ്റ്റ് ചെയ്യാനുമാണ് ഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

സനല്‍കുമാറിന്റെ കൊലപാതകം അപകട മരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മരിച്ച സനലിന്റെ ഭാര്യ വിജി ഇന്ന് രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല. ഡിവൈഎസ്പി ഹരികുമാറിനെ പൊലീസ് തന്നെ സംരക്ഷിക്കുകയാണ്. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണം. അല്ലെങ്കില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. 

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സനലിന്റെ കുടുംബം നീതി തേടി കോടതിയെ സമീപിക്കുന്നത്. സനല്‍ മരിച്ച് ഒരാഴ്ചയായിട്ടും പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാനായിട്ടില്ല. സര്‍വീസ് റിവോള്‍വറും ഔദ്യോഗിക ഫോണും സഹിതമാണ് പ്രതി ഒളിവില്‍ പോയിട്ടുള്ളത്. ഉറ്റസുഹൃത്തായ വ്യവസായി ബിനുകുമാറിനൊപ്പമാണ് ഡിവൈഎസ്പി ഒളിവില്‍ പോയിട്ടുള്ളത്. ഡിവൈഎസ്പിയെ സഹായിക്കുന്നത് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com