പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല ; ഫോണിലൂടെ മോശം പെരുമാറ്റം മാത്രമെന്ന് അന്വേഷണ കമ്മീഷന്‍; പരാതി വിഭാഗീതയുടെ ഭാഗമെന്ന ബാലന്റെ വാദം പി കെ ശ്രീമതി തള്ളി

താന്‍ യാതൊരു പെരുമാറ്റദൂഷ്യവും നടത്തിയിട്ടില്ലെന്നാണ് ശശി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നത്
പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല ; ഫോണിലൂടെ മോശം പെരുമാറ്റം മാത്രമെന്ന് അന്വേഷണ കമ്മീഷന്‍; പരാതി വിഭാഗീതയുടെ ഭാഗമെന്ന ബാലന്റെ വാദം പി കെ ശ്രീമതി തള്ളി

തിരുവനന്തപുരം : പി കെ ശശി എംഎല്‍എ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായത്. ലൈംഗിക ചുവയോടെ വനിതാ നേതാവിനോട് ശശി സംസാരിച്ചിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണിലൂടെ മോശമായി സംസാരിച്ചത് അച്ചടക്ക നടപടി എടുക്കാവുന്ന കുറ്റമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന ശശിയുടെ അടുപ്പക്കാര്‍ ഉന്നയിച്ച വാദം കമ്മീഷന്‍ അംഗമായ മന്ത്രി എ കെ ബാലനും കമ്മീഷന്‍ യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ കമ്മീഷനിലെ മറ്റൊരു അംഗമായ പി കെ ശ്രീമതി ഈ വാദം തള്ളുകയായിരുന്നു. പരാതിയെ ഈ തരത്തിലേക്ക് വ്യാഖ്യാനിച്ച് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും ശ്രീമതി നിലപാടെടുത്തു. കൂടാതെ വനിതാ നേതാവിനെതിരെ ശശി മോശം പെരുമാറ്റം നടത്തിയത് വ്യക്തമാണെന്നും ശ്രീമതി വ്യക്തമാക്കി. 

ഫോണിലൂടെ ശശി നടത്തിയ സംഭാഷണങ്ങളുടെ റെക്കോഡ് പരാതിക്കാരി അന്വേഷണ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ്, ശശി ഫോണിലൂടെ മോശം പെരുമാറ്റം നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കമ്മീഷന്‍ നിഗമനത്തിലെത്തിയത്. അതേസമയം പരാതി പുറത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നില്‍ വിഭാഗീതയുണ്ടെന്ന ആക്ഷേപം ശരിയാണെന്നും കമ്മീഷന്‍ വിലയിരുത്തി. 

താന്‍ യാതൊരു പെരുമാറ്റദൂഷ്യവും നടത്തിയിട്ടില്ലെന്നാണ് ശശി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് പികെ ശശി അന്വേഷണ കമ്മീഷന് വിശദീകരണവും നല്‍കിയിട്ടുണ്ട്. നടപടി എടുത്തില്ലെങ്കില്‍ ഓഡിയോ ക്ലിപ്പ് പുറത്തുപോകുമോ എന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ സിപിഎം സമ്മേളന കാലത്ത് ഡിവൈഎഫ്ഐ വനിതാ നേതാവിനോട് പി കെ ശശി അപമര്യാദയായി പെരുമാറുകയും, ലൈം​ഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകിയതിനെ തുടർന്ന്, ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയും ഉൾപ്പെടുന്ന അന്വേഷണ കമ്മീഷനെ നിയോ​ഗിക്കുകയായിരുന്നു.

ശശിക്കെതിരായ നടപടി ചർച്ച ചെയ്യാനായി സിപിഎം സംസ്ഥാന സമിതി ചേരുകയാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടും, ശശി നൽകിയ വിശദീകരണവും യോ​ഗം ചർച്ച ചെയ്യും. പാലക്കാട് ജില്ലയിലെ പിണറായി പക്ഷത്തെ കരുത്തനാണ് പി കെ ശശി. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് പി കെ ശശി. അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടി തന്റെ ജീവന്റെ ഭാ​ഗമാണ്. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് പി കെ ശശി എംഎൽഎ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com