റിവ്യൂ ഹർജിയെ ചൊല്ലി ചർച്ച പൊളിഞ്ഞു ; തീരുമാനം ഇന്നു വേണമെന്ന് പന്തളം കൊട്ടാരം, പ്രതിനിധി ഇറങ്ങിപ്പോയി

റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍ 19 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
റിവ്യൂ ഹർജിയെ ചൊല്ലി ചർച്ച പൊളിഞ്ഞു ; തീരുമാനം ഇന്നു വേണമെന്ന് പന്തളം കൊട്ടാരം, പ്രതിനിധി ഇറങ്ങിപ്പോയി

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയപ്പെട്ടു. യോഗത്തില്‍ നിന്ന് പന്തളം കൊട്ടാര പ്രതിനിധി അടക്കമുള്ളവര്‍ ഇറങ്ങിപ്പോയി. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. എട്ടു ആവശ്യങ്ങളാണ് പന്തളം കൊട്ടാരം നിര്‍വാഹക സംഘം യോഗത്തില്‍ മുന്നോട്ടുവെച്ചത്. റിവ്യൂ ഹര്‍ജിയില്‍ ഇന്നു തന്നെ തീരുമാനം എടുക്കണം എന്നതായിരുന്നു ഇതില്‍ പ്രധാനം. 


മറ്റൊന്ന്, ശബരിമലയിലെ സ്ത്രീപ്രവേശനം തടഞ്ഞുകൊണ്ടുള്ള 1991ലെ ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ടല്ല സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ആ സാഹചരത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് പുനഃപരിശോധന ഹര്‍ജിക്കൊപ്പം മറ്റൊരു ഹര്‍ജി കൂടി സമര്‍പ്പിക്കണെന്നും  യോഗത്തില്‍ പന്തളം കൊട്ടര പ്രതിനിധി ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു. എന്നാല്‍ റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍ 19 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാര പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. 

തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും അതിനാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതായും കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. ദേവസ്വം ബോർഡിന്റെ നിലപാട് ദുഃഖകരമാണ്. മറ്റ് സംഘടനകളുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും, ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടാണ് ചര്‍ച്ച വിളിച്ചതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. വിഷയത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പദ്മകുമാര്‍ വ്യക്തമാക്കി. തന്ത്രികുടുംബം, പന്തളം കൊട്ടാര പ്രതിനിധികള്‍, അയ്യപ്പസേവ സമാജം, യോഗക്ഷേമ സഭ തുടങ്ങിയവരെയാണ് ദേവസ്വം ബോര്‍ഡ് ഇന്നത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com