റോഡുകള്‍ നന്നാക്കാന്‍ ആളു മരിക്കണോ ? ; സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശം , സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. വിഐപികള്‍ വന്നാല്‍ മാത്രമേ റോഡുകള്‍ നന്നാക്കൂ സ്ഥിതി ശരിയല്ല
റോഡുകള്‍ നന്നാക്കാന്‍ ആളു മരിക്കണോ ? ; സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശം , സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. ആളുകള്‍ മരിച്ചാല്‍ മാത്രമേ റോഡുകള്‍ നന്നാക്കൂ എന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്ത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. വിഐപികള്‍ വന്നാല്‍ മാത്രമേ റോഡുകള്‍ നന്നാക്കൂ എന്ന സ്ഥിതി ശരിയല്ല. റോഡുകള്‍ ഈ നിലയില്‍ തുടരുന്നത് അംഗീകരിക്കാനാകില്ല. റോഡുകള്‍ നന്നാക്കിയേ തീരൂവെന്ന് കോടതി ആവശ്യപ്പെട്ടു. 

കൊച്ചി -കാക്കനാട് സിവില്‍ ലൈന്‍ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കത്ത് നല്‍കിയത്. തകര്‍ന്ന റോഡില്‍ അപകടത്തില്‍പ്പെട്ട് അടുത്തിടെ ഒരു ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. അതേസമയം സിവില്‍ ലൈന്‍ റോഡ് 2019 ല്‍ കൊച്ചി മെട്രോ ഏറ്റെടുക്കുകയാണ്. അതിനാലാണ് നന്നാക്കാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. 

ഒരു വര്‍ഷം ഈ അവസ്ഥ ജനം സഹിക്കണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസെടുത്തു. റോഡ് ഒരാഴ്ചയ്ക്കകം ഗതാഗത യോഗ്യമാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് കേസ് അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com