കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ നടപടി; റോഡ് പണി ഊര്‍ജ്ജിതമായി, അര്‍ധരാത്രിയും നിരീക്ഷിച്ച് കലക്ടര്‍

പുലര്‍ച്ചെ ഒരു മണിയ്ക്ക് കലക്ടര്‍ മുഹമ്മദ് സഫിറുള്ള ആലിന്‍ചുവട്ടിലെത്തി റോഡ് പണി പരിശോധിച്ചു
കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ നടപടി; റോഡ് പണി ഊര്‍ജ്ജിതമായി, അര്‍ധരാത്രിയും നിരീക്ഷിച്ച് കലക്ടര്‍

കൊച്ചി : കാക്കനാട്  പാലാരിവട്ടം സിവില്‍ലൈന്‍ റോഡ് അറ്റകുറ്റപ്പണി നിര്‍ത്തിവെച്ച സംഭവത്തില്‍ കരാറുകാരനെ അറസ്റ്റ് ചെയ്യുമെന്നും എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്യുമെന്നും കലക്ടര്‍ മുന്നറിയിപ്പു നല്‍കി. ഇതോടെ നിര്‍ത്തിവെച്ച റോഡ് പണി അര്‍ധരാത്രി തന്നെ പുനരാരംഭിക്കുകയും ചെയ്തു. പുലര്‍ച്ചെ ഒരു മണിയ്ക്ക് കലക്ടര്‍ മുഹമ്മദ് സഫിറുള്ള പാലാരിവട്ടം ആലിന്‍ചുവട്ടിലെത്തി റോഡ് പണി പരിശോധിച്ചു. 

റോഡ് അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം ഞായറാഴ്ച പൂര്‍ത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വന്‍കുഴികള്‍ അടയ്ക്കലാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. അടച്ച കുഴികളുടെ മുകളിലുള്ള ടാറിംഗ് അതിന് ശേഷം തുടങ്ങും. അഞ്ചു ദിവസത്തിനകം ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരോട് രാത്രിയും പകലും റോഡ് പണി നിരീക്ഷിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മാണ ശേഷം ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ ബില്‍ മാറി നല്‍കരുതെന്ന് എഞ്ചിനീയര്‍മാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് വെറും പൂഴി മണ്ണിട്ട് നികത്തി ഇടിയന്‍ കൊണ്ട് ഉറപ്പിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കരാറുകാര്‍ പണി നിര്‍ത്തിവെച്ച് പോയത്. 

ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാത്രി 12നു മുന്‍പു പണി പുനരാരംഭിച്ചില്ലെങ്കില്‍ കരാറുകാരനെതിരെ രാത്രി തന്നെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള തീരുമാനം കലക്ടര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ അറിയിക്കുകയായിരുന്നു. എന്‍ജിനീയര്‍ക്കുള്ള സസ്‌പെന്‍ഷന്‍ ഉത്തരവ് രാവിലെ നല്‍കുമെന്നും കലക്ടര്‍ മുന്നറിയിപ്പു നല്‍കി. ഇതോത്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാത്രി 10നു കലക്ടറുടെ ക്യാംപ് ഓഫിസില്‍ പാഞ്ഞെത്തി. കരാറുകാരനെയും വിളിച്ചുവരുത്തി. പണി പുനരാരംഭിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. 

അതിനിടെ പാലാരിവട്ടം-കാക്കനാട് സിവില്‍ ലൈന്‍ റോഡ് ഉള്‍പ്പെടെ, തൃക്കാക്കര മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. പിടി തോമസ് എംഎല്‍എയുടെ ആവശ്യപ്രകാരമാണ് യോഗം. സിവില്‍ ലൈന്‍ റോഡ് ഉള്‍പ്പെടെയുള്ള റോഡുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മന്ത്രി പരിശോധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com