സിപിഎം ഓഫീസ് റെയ്ഡ് : ചൈത്ര തെരേസ ജോണിനെതിരെ വകുപ്പു തല അന്വേഷണം

പാര്‍ട്ടിയെ അപമാനിക്കാനാണ് റെയ്ഡ് എന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
സിപിഎം ഓഫീസ് റെയ്ഡ് : ചൈത്ര തെരേസ ജോണിനെതിരെ വകുപ്പു തല അന്വേഷണം

തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ യുവ ഐപിഎസ് ഓഫീസര്‍ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. പാര്‍ട്ടിയെ അപമാനിക്കാനാണ് റെയ്ഡ് എന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

അതിനിടെ ഡിസിപിയായിരുന്ന ചൈത്ര റെയ്ഡ് നടത്താനുള്ള തീരുമാനത്തിന്റെ കാരണം സംബന്ധിച്ച് എഡിജിപിക്ക് വിശദീകരണം നല്‍കി. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര അറിയിച്ചു. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തി!ന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും ചൈത്ര വിശദീകരിച്ചിട്ടുണ്ട്. അതിനിടെ അത്തരത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉത്തരവില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

സിപിഎം ഓഫീസില്‍ റെയ്്ഡ് നടത്തിയ സംഭവത്തില്‍ എഡിജിപി മനോജ് എബ്രാഹാം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ചൈത്ര തെരേസ ജോണിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ  ഡിസിപിയുടെ നേതൃത്വത്തിൽ അർധരാത്രി റെയ്ഡ് നടത്തിയത്.  ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും തടഞ്ഞു.

പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിർദേശ പ്രകാരം നേതാക്കൾ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണ് പൊലീസിന് പിന്നീടു ലഭിച്ച വിവരം. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.

പോക്സോ കേസിൽ അറസ്റ്റിലായ 2 പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com