ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം ; കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തച്ഛന്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th February 2020 12:53 PM  |  

Last Updated: 29th February 2020 12:53 PM  |   A+A-   |  

 

കൊല്ലം : കൊല്ലം ഇളവൂര്‍ പള്ളിമണില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്ന് മുത്തച്ഛന്‍ മോഹനന്‍പിള്ള പറഞ്ഞു. കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്. കുട്ടി വീടുവിട്ടുപോകില്ല. അടുത്ത വീട്ടില്‍ പോലും പോകാത്ത കുഞ്ഞാണ്. കുട്ടിയെ ആരെയോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു.

ഈ 15 മിനുട്ടിനകം കുട്ടി ഓടിയാല്‍പ്പോലും അവിടെ ചെല്ലില്ല. കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളില്‍ അമ്പലത്തില്‍ പോയിട്ടില്ല. അമ്പലത്തില്‍ പോയതുതന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്. ഈ പുഴയിലൂടെയുള്ള വഴിയിലൂടെയല്ല, വേറെ വഴിയിലൂടെയാണ് പോയത്. അപ്പോള്‍ താന്‍ അടക്കമുള്ള കുടുംബം ഉണ്ടായിരുന്നു.

കുട്ടിയെ കാണാതായതിന് പിന്നാലെ വിദേശത്തുള്ള അച്ഛന്‍ നിരവധി തവണ അമ്മയെ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ സമാധാനിപ്പിക്കാനാണ് അമ്പലത്തില്‍ പോയി എന്ന് പറഞ്ഞത്. ഇതാണ് കുട്ടി ക്ഷേത്രത്തില്‍ പോയിരുന്നു എന്ന തരത്തില്‍ വാര്‍ത്ത വരാനിടയാക്കിയത്. കുളിക്കാന്‍ പോലും കുട്ടിയെ ആറ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടില്ല. റോഡില്‍പോലും പോകാത്ത കുട്ടി ഇത്രയും ദൂരം പോകില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു. 

ആറ്റില്‍ എവിടെയെല്ലാം ആഴമുണ്ട്, എവിടെ കരയുണ്ട്, എവിടെ പാറയുണ്ട് എന്നതെല്ലാം ഞങ്ങള്‍ക്കറിയാം. വീട്ടില്‍ കച്ചവടക്കാരോ ആരെങ്കിലും വന്നതായി അറിയില്ല. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തുനിന്നും ഷാളും ലഭിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഷാള്‍ കുട്ടി ധരിക്കാറില്ല. ഷാള്‍ ധരിച്ച് കുട്ടി പുറത്തുപോകാറുമില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. എന്നാല്‍ ആരെയെങ്കിലും സംശയം പറയാനില്ലെന്നും മോഹനന്‍പിള്ള പറഞ്ഞു.