സിബിഐയെ എതിര്‍ക്കുന്നതിന് പിന്നില്‍ തീവെട്ടിക്കൊള്ളകള്‍ പുറത്താകുമെന്ന ഭയം : രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ 

സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു
സിബിഐയെ എതിര്‍ക്കുന്നതിന് പിന്നില്‍ തീവെട്ടിക്കൊള്ളകള്‍ പുറത്താകുമെന്ന ഭയം : രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ 

തിരുവനന്തപുരം : സിബിഐയെ വിലക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സിബിഐയോടുള്ള എതിര്‍പ്പിന് കാരണം ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയമാണ്. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

ലൈഫില്‍ അഴിമതിക്കെതിരായ വിഷയത്തിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തില്‍ പ്രതിരോധത്തിലായിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ സിബിഐക്കെതിരെ വരാന്‍ പ്രേരണയായിട്ടുള്ളത്. ലൈഫ് പദ്ധതിയില്‍ യൂണിടാക്ക് ഉടമസ്ഥന്‍മാരും അതിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടുള്ള ആളുകളെയും പേരു പറഞ്ഞുകൊണ്ടാണ് കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. 

ലൈഫിന്റെ ഒരു ഉദ്യോഗസ്ഥനെയും അതില്‍ പ്രതി ചേര്‍ത്തിട്ടില്ല. പക്ഷെ സംസ്ഥാനസര്‍ക്കാര്‍ യൂണിടാക്കിനെതിരായിട്ടുള്ള അഴിമതി അന്വേഷണം അട്ടിമറിക്കാനായി എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോടതിയില്‍ പോയത്. എഫ്‌ഐആര്‍ റദ്ദാക്കിയാല്‍ യൂണിടാക്കിനെതിരെയുള്ളത് അടക്കം അന്വേഷണം ഇല്ലാതാകുകയാണ് ഫലം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സിബിഐ വിരോധത്തിന്റെ അടിസ്ഥാനം, അവരുടെ രാഷ്ട്രീയ അഴിമതികള്‍ പുറത്തുവരും എന്നുള്ളതു കൊണ്ടാണെന്ന് വി മുരളീധരന്‍ പറഞ്ഞു. 

രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുകയാണ്. സിബിഐ തന്നെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസില്‍ ഹൈക്കോടതിയില്‍ ഒരു അഭിഭാഷകന് ഒരു തവണ ഹാജരാകാന്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപയാണ് കൊടുത്തത്. കതിരൂര്‍ മനോജ് കേസ് സിബിഐക്ക് വിടുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഷുഹൈബ് വധം സിബിഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ എതിര്‍ത്തത്. 

അതേസമയം കേരളത്തിന് വെളിയില്‍ പല കേസുകളിലും സിപിഎം നേതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പും, അമരാവതി ഭൂമിയിടപാടും ഉള്‍പ്പടെയുളള കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സിപിഎമ്മാണ്. രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാനാകില്ലയെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മനസിലാക്കണം. കേസുകളില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയുകയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com