കൊച്ചി: സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരുന്ന കേസിൽ സഹോദരിമാരായ യുവതികൾക്ക് തടവും പിഴയും ശിക്ഷ. ഇൻഡോർ സ്വദേശികളായ സഹോദരിമാർക്കാണ് മൂന്ന് വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും എറണാകുളം മജിസ്ട്രേട്ട് കോടതി വിധിച്ചത്.
ഒന്നും രണ്ടും പ്രതികളായ മേഘ ഭാർഗവ (30) സഹോദരി പ്രചി ശർമ്മ ഭാർഗവ (32) എന്നിവർക്കാണു ശിക്ഷ വിധിച്ചത്. ഇവർ തട്ടിയെടുത്ത പണം പരാതിക്കാരനു തിരികെ നൽകാനും കോടതി വിധിച്ചു. മലയാളികളായ നാല് പേർ ഉൾപ്പെടെ 11 പേർ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മൂന്നും നാലും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് വിധി പുറപ്പെടുവിച്ചത്.
വൈറ്റിലയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരനായ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തി സമർപ്പിച്ച പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ തുടർന്നു ഹൃദയാഘാതം വന്ന് ഇരയുടെ പിതാവ് മരിച്ചതു കേസിന്റെ ഗൗരവം വർധിപ്പിച്ചു.
നേരത്തേ വിവാഹിതയാണെന്ന വിവരം മറച്ചു വച്ചാണു മേഘ പരാതിക്കാരൻ അടക്കമുള്ള എല്ലാവരെയും കബളിപ്പിച്ചത്. അംഗ പരിമിതിയുള്ളവരെയാണ് ഇവർ തട്ടിപ്പിനു തിരഞ്ഞെടുത്തിരുന്നത്. വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഭർത്താവിന്റെ വീട്ടിൽ താമസിച്ചതിനു ശേഷം അവിടെയുള്ള പണവും ആഭരണങ്ങളും മോഷ്ടിച്ചു കടന്നുകളയുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
2015 സെപ്റ്റംബറിലാണു വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹാലോചന നടത്തിയതു മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു ക്ഷേത്രത്തിൽ വിവാഹം നടന്നു. രണ്ട് ദിവസം പിന്നിട്ടപ്പോൾ സ്വർണാഭരണങ്ങളും വാച്ചും വജ്രാഭരണവും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം 9.50 ലക്ഷം രൂപയുടെ മുതലുമായി മേഘ ഇൻഡോറിലേക്കു മുങ്ങി. മേഘയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ അംഗപരിമിതിയുള്ള യുവാക്കളെയാണു പ്രതികൾ തട്ടിപ്പിനു വേണ്ടി ലക്ഷ്യമിട്ടിരുന്നത്. നാണക്കേടു ഭയന്നു പലരും പരാതി നൽകാതിരുന്നതു കൂടുതൽ തട്ടിപ്പിന് ഇവർക്കു പ്രേരണയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates