സന്ദീപ് കുമാറിന്റെ വീട് കോടിയേരി ബാലകൃഷ്ണൻ ഇന്ന് സന്ദർശിക്കും

സന്ദീപ് കുമാറിന്റെ വീട് കോടിയേരി ബാലകൃഷ്ണൻ ഇന്ന് സന്ദർശിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ വീട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  ഇന്ന്  സന്ദർശിക്കും. രാവിലെ 11 മണിക്കാണ് സംസ്ഥാന സെക്രട്ടറി ചാത്തങ്കരിയിലെ വീട്ടിലെത്തുക. 

സന്ദീപിന്റെ കൊലപാതകം വ്യക്തി വൈരാഗ്യമാണെന്ന പൊലീസ് നിഗമനത്തെ അതിരൂക്ഷമായാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വിമർശിച്ചത്. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. പൊലീസ് നടപടി സർക്കാർ പരിശോധിക്കണം. സന്ദീപിൻറേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്- ബിജെപി സംഘമാണ്. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിൻറെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാൻഡ് റിപ്പോർട്ടിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയത്.

സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെ‌ഞ്ചിൽ ഒൻപത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com