'വരും തലമുറയ്‌ക്കെങ്കിലും ഈ ഗതി വരുത്തരുത്'; പ്രതിപക്ഷ നേതാവിനോട് സങ്കടം പറഞ്ഞ് ആദിവാസികള്‍

മുമ്പ് കാടെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയായി. ഫോറസ്റ്റുകാരുടെ ശല്യം രൂക്ഷമാണ്
അട്ടപ്പാടിയിൽ വി ഡി സതീശന്റെ സന്ദർശനം/ ടെലിവിഷൻ ദൃശ്യം
അട്ടപ്പാടിയിൽ വി ഡി സതീശന്റെ സന്ദർശനം/ ടെലിവിഷൻ ദൃശ്യം

പാലക്കാട്: ഗതാഗതയോഗ്യമായ റോഡും ചികില്‍സയ്ക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങളും ഇല്ലെന്ന് ആദിവാസി സ്ത്രീകള്‍. ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അട്ടപ്പാടി ഊര് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സ്ത്രീകള്‍ അവസ്ഥകള്‍ തുറന്നു പറഞ്ഞത്. ഇത്രയും സംഭവം ഉണ്ടായശേഷമാണ് ഇപ്പോള്‍ നിങ്ങളൊക്കെ തിരിഞ്ഞു നോക്കുന്നത്. അല്ലാതെ ആരും എന്താണ് അവസ്ഥയെന്ന് പോലും അന്വേഷിക്കാറില്ലെന്നും സ്ത്രീകള്‍ പറഞ്ഞു.

വരുന്ന തലമുറയ്‌ക്കെങ്കിലും ഈ ദുര്‍ഗതി വരരുത് എന്നാണ് ആഗ്രഹമെന്നും സ്ത്രീകള്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ വേണമെങ്കില്‍ തൃശൂരിലേക്കോ പെരിന്തല്‍മണ്ണയിലേക്കോ പോകാനാണ് പറയുന്നത്. നല്ല റോഡില്ലാത്ത ഇവിടെ നിന്നും ചുമന്നുകൊണ്ട് ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ്. ആദിവാസികള്‍ ആയതുകൊണ്ടാണോ ഇത്തരത്തില്‍ പെരുമാറുന്നത്. 

മുമ്പ് കാടെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയായി. ഫോറസ്റ്റുകാരുടെ ശല്യം രൂക്ഷമാണ്. ജണ്ട കെട്ടി നിരത്തുകയാണ് ഇപ്പോള്‍. ഇനി വരുന്ന തലമുറയ്ക്ക് ഇനി അവിടെ കയറാന്‍ പറ്റാത്ത നിലയിലാകുമെന്നും സ്ത്രീകള്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് ഇതിന് എന്തെങ്കിലും പ്രതിവിധി ചെയ്തു തന്നേ പറ്റൂവെന്നും സ്ത്രീകള്‍ രോഷത്തോടെ ആവശ്യപ്പെട്ടു. ആദിവാസികള്‍ക്ക് സ്‌നേഹിക്കാനേ അറിയൂ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും ആദിവാസി സ്ത്രീകള്‍ പറഞ്ഞു. 

ശിശുമരണങ്ങൾ തുടരുന്നത് നാടിന് അപമാനം

ശിശു മരണങ്ങള്‍ തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശിശുമരണങ്ങള്‍ അല്ല, കൊലപാതകങ്ങളാണ് നടക്കുന്നത്. ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര പദ്ധതികള്‍ നിലച്ചിരിക്കുകയാണ്. അട്ടപ്പാടിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കോട്ടാത്തറ ട്രൈബല്‍ ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ ഒന്നുമില്ല. ജൂനിയര്‍ ഡോക്ടര്‍മാരാണുള്ളത്. പ്രസവം കഴിഞ്ഞശേഷം പരിചരിക്കാനുള്ള സൗകര്യമോ വിദഗ്ധ ഡോക്ടര്‍മാരോ ഇല്ല.

ഇവിടെ എല്ലാം റഫര്‍ ചെയയ്ുകയാണ്. തൃശൂരിലേക്കും പെരിന്തല്‍മണ്ണയിലേക്കും കോഴിക്കോട്ടേക്കും റഫര്‍ ചെയ്യുകയാണ്. ഇവിടെ നിന്നും രോഗിയെ കൊണ്ടുപോകാന്‍ അംബുലന്‍സ് സൗകര്യവും ഇല്ല. മരിച്ച കുട്ടിയുടെ അമ്മയെ തൃശൂരിലേക്കാണ് റഫര്‍ ചെയ്തത്. പോകാന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് അവര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോകുകയായിരുന്നു എന്നും സതീശന്‍ പറഞ്ഞു. 

സെപ്തംബറില്‍ ആരോഗ്യമന്ത്രി ഇവിടം സന്ദര്‍ശിച്ചതിന് പിന്നാലെ കുറേ ജീവനക്കാരെ പിരിച്ചു വിടുകയാണ് ചെയ്തത്. ഇവിടെ ഒരു സിസ്റ്റം ഫങ്ഷന്‍ ചെയ്തിരുന്നു അത് ഇല്ലാതായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആദിവാസി മേഖലയില്‍ ആരോഗ്യരംഗത്ത് കൂടുതള്‍ ശ്രദ്ധ ചെലുത്തിയിരുന്നു. കോട്ടാത്തറ ട്രൈബല്‍ ആശുപത്രിയില്‍ സ്‌കാനിങ്, എക്‌സ്‌റേ സംവിധാനങ്ങളെല്ലാം കൊണ്ടു വന്നിരുന്നു. വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 78 ഓളം പേരെയാണ് നിയമിച്ചത്. ഇപ്പോള്‍ ഈ സ്‌കീമുകള്‍ ഒന്നുമില്ല. ആശുപത്രി തന്നെ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് പോകുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com