മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ തുറക്കുന്നു; തമിഴ്നാടിനെതിരെ കേരളം ഇന്ന് സുപ്രീംകോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2021 07:39 AM  |  

Last Updated: 08th December 2021 07:39 AM  |   A+A-   |  

kerala against Tamil Nadu

പിണറായി, മുല്ലപ്പെരിയാര്‍ ഡാം

 

ഇടുക്കി; മുന്നറിയിപ്പ് നൽകാതെ രാത്രിയിൽ തമിഴ്നാട് മുല്ലപ്പെരിയാർ തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീംകോടതിയിൽ. മുല്ലപ്പെരിയാര്‍ കേസിൽ സംസ്ഥാന സര്‍ക്കാര്‍ പുതിയ അപേക്ഷ നൽകും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടും. മറ്റന്നാളായിരിക്കും കേരളത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക. വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫും ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. 

മന്ത്രിസഭാ യോ​ഗത്തിലും ചർച്ചയാവും

മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാറിൽ നിന്നു വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനങ്ങൾ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് കേരളെ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കൂടാതെ ഈ വിഷയം ഇന്നത്തെ സംസ്ഥാന മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. പെരിയാർ തീരത്തെ ജനങ്ങളുടെ ആശങ്ക തീർക്കാൻ കൂടുതൽ നടപടി ആലോചിക്കും.

മുല്ലപ്പെരിയാറിലെ 9 ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷട്ടറുകള്‍ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 7140 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 60 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 141.90 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 5.15നാണ് നാല് ഷട്ടറുകള്‍ തുറന്നത്. 30 സെന്റീ മീറ്ററാണ് ആദ്യം ഉയര്‍ത്തിയത്. പിന്നാലെ ആറ് മണിയോടെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി.6.45ഓടെ 9 ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.