ഉറങ്ങിക്കിടന്നപ്പോള്‍ വീട്ടില്‍ കയറി വെട്ടി; ഗൃഹനാഥന് തലയ്ക്ക് പരിക്ക്; തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 11:43 AM  |  

Last Updated: 13th December 2021 11:49 AM  |   A+A-   |  

sunil

പരിക്കേറ്റ സുനിൽ ചികിത്സയിൽ/ ടെലിവിഷൻ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം യുവാവിനെ വീടുകയറി ആക്രമിച്ചു. നെയ്യാറ്റിന്‍കര ആറാലും മൂട് സ്വദേശി സുനിലിന് വെട്ടേറ്റു. നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. ഓട്ടോറിക്ഷ തൊഴിലാളിയാണ് സുനില്‍.

രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഗുണ്ട സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സുനിലും ആക്രമിച്ച സംഘവും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാകും ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസത്തിനിടെ 30 ലേറെ ഗുണ്ടാ ആക്രമണമാണ് തിരുവനന്തപുരത്ത് ഉണ്ടായത്.

സുധീഷ് കൊലപാതകം : മൂന്നു പേർ അറസ്റ്റിൽ

കഴിഞ്ഞദിവസം ഗുണ്ടാംസംഘം പോത്തന്‍കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. 

കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിഷ്, രഞ്ജിത്ത്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഏഴു പ്രതികളെക്കൂടി തിരയുന്നതായി പൊലീസ് അറിയിച്ചു. ഈ മാസം 6 ന് ആറ്റിങ്ങല്‍ ഊരുപൊയ്കയില്‍ നടന്ന വധശ്രമ കേസിലെ പിടികിട്ടാപുള്ളിയാണ് മരിച്ച സുധീഷ്. ഇയാളുടെ സഹോദരനടക്കം നാലു പേര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിയവെയാണ് കല്ലൂരിലെ വീട്ടില്‍ വച്ച് പത്തംഗ സംഘം മൃഗീയമായി സുധീഷിനെ വെട്ടിക്കൊന്നത്.