മാട്രിമോണിയല്‍ സൈറ്റുകള്‍ 'കേന്ദ്രമാക്കി'; സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു, കോടികള്‍ തട്ടി; മലയാളി മുംബൈയില്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 11:09 AM  |  

Last Updated: 17th December 2021 11:09 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

മുംബൈ: വിവാഹപരസ്യ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി അറസ്റ്റിലായി. മാഹി സ്വദേശി പ്രജിത്ത് ആണ് മഹാരാഷ്ട്രയിലെ താനെ പൊലീസിന്റെ പിടിയിലായത്. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ചൂഷണം ചെയ്തു വന്നിരുന്നത്. 

വിവാഹ ബന്ധം വേര്‍പെടുത്തിയവരും ഭര്‍ത്താവ് മരിച്ചവരുമാണ് ഇയാളുടെ പ്രധാന ഇരകള്‍. വിവാഹാലോചനയുടെ പേരില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെയെല്ലാം ലൈംഗികമായി ചൂഷണം ചെയ്യുകയും പലരില്‍ നിന്നും കോടിക്കണക്കിന് കൈക്കലാക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതികളില്‍ പറയുന്നത്. ഇതിനോടകം 20 ലേറെ പരാതികളാണ് താനെ പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. 

ഫ്രാന്‍സില്‍ സ്വന്തമായി പഞ്ചനക്ഷത്ര ഹോട്ടല്‍ ഉണ്ടായിരുന്നുവെന്നാണ് ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ജന്മനാട്ടില്‍ സ്ഥിരതാമസമാക്കാനായി ഹോട്ടല്‍ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഹോട്ടല്‍ വിറ്റ വകയില്‍ ലഭിച്ച വിദേശ പണത്തിന്റെ മൂല്യം 85,000 കോടിയോളം രൂപ വരുമെന്നും ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചു. 

എന്നാല്‍ ഈ പണത്തിന് റിസര്‍വ് ബാങ്കിന്റെ ക്ലിയറന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായിട്ടാണ് മുംബൈയില്‍ തങ്ങുന്നതെന്നും ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പരിചയപ്പെട്ട സ്ത്രീകളോട് പറഞ്ഞിരുന്നു.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കിട്ടുന്ന വന്‍തുകയുടെ കണക്കുകള്‍ നിരത്തിയാണ് വിവാഹ വാഗ്ദാനത്തോടൊപ്പം ഇയാള്‍ സ്ത്രീകളെ പ്രലോഭിപ്പിച്ചത്. 

ഇതിനായി വലിയ പണച്ചെലവുണ്ടെന്ന് കാണിച്ചായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നത്. മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു ചതിക്കുഴികള്‍ ഒരുക്കിയത്. ഹോട്ടലില്‍നിന്ന് വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകളിലായിരുന്നു ഇയാളുടെ യാത്രയെന്നും താനെ പൊലീസ് വ്യക്തമാക്കി.