ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം : ഹൈക്കോടതി

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന നൽകി സംരക്ഷിക്കണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന നൽകി സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഒന്നിലേറെ വിവാഹംകഴിച്ച മുസ്‌ലിം ഭർത്താവിൽ നിന്നും തലശ്ശേരി സ്വദേശിനിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.  

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന നൽകി സംരക്ഷിക്കണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളിൽനിന്ന് വേർപിരിഞ്ഞ് കഴിഞ്ഞാൽ വിവാഹമോചനം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. 

വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. മുസ്‌ലിം വിവാഹമോചനനിയമത്തിലെ സെക്‌ഷൻ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്.

1991-ലായിരുന്നു വിവാഹമെന്നും, കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവ് അകന്നുകഴിയുകയാണെന്നും ഭാര്യ കോടതിയിൽ വ്യക്തമാക്കി. 2019-ലാണ് വിവാഹമോചന ഹർജി നൽകിയത്. ഹർജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. 

എന്നാൽ, മൂന്ന് കുട്ടികളുള്ളത് ചൂണ്ടിക്കാട്ടി ആ വാദം ഹൈക്കോടതി തള്ളി. വൈവാഹിക കടമകൾ നിർവഹിക്കുന്നതിൽ ഭർത്താവാണ് വീഴ്ചവരുത്തിയതെന്നും ഹൈക്കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com