സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; വാഹനപരിശോധന കര്‍ശനമാക്കും; സംഘര്‍ഷ സാധ്യതമേഖലകളില്‍ കൂടുതല്‍ പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 10:47 AM  |  

Last Updated: 19th December 2021 10:47 AM  |   A+A-   |  

alappuzha_murder

കൊല്ലപ്പെട്ട രഞ്ജിത്ത്, ഷാൻ


തിരുവനന്തപും:  ആലപ്പുഴ ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കരുതല്‍ നടപടികള്‍ക്ക് പൊലീസിന് നിര്‍ദേശം. സംസ്ഥാനവ്യാപകമായി ജാഗ്രതപുലര്‍ത്തണമെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതമേഖലകളില്‍ മുന്‍കൂര്‍ പൊലീസിനെ വിന്യസിക്കാനും പട്രോളിങ് ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.

എല്ലാ മേഖലകളിലും വാഹനപരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും (ഞായര്‍, തിങ്കള്‍) നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐ, ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ചയായിരുന്നു ആദ്യ കൊലപാതകം. എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. 

ഇതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്.