ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് മലയാളി ജവാന് ദാരുണാന്ത്യം; അപകടം മകളുടെ മുന്നിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 07:23 AM  |  

Last Updated: 24th December 2021 07:23 AM  |   A+A-   |  

thiruvalla death

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് ജവാന് ദാരുണാന്ത്യം. മാതാപിതാക്കളെ യാത്രയാക്കാൻ മകളോടൊപ്പം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വിഎസ്എസ്സിയിലെ സിഐഎസ്എഫ് കോൺസ്റ്റബിളാണ്.

വ്യാഴാഴ്ച രാവിലെ 6.30-ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിൽ നിന്നു വീണായിരുന്നു അപകടം. നാട്ടിലുള്ള മാതാപിതാക്കൾ അജേഷിന്റെ തുമ്പയിലുള്ള ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകൾ ഹൃദ്യയും ചേർന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.

ട്രെയിനിൽ അച്ഛനമ്മമാരെ ഇരുത്തിയതിനു ശേഷം അജേഷ് ബാഗുകൾ കയറ്റുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോൾ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന മകളുടെ മുന്നിൽവെച്ച് അജേഷ് കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീഴുകയായിരുന്നു.

അടുത്തുണ്ടായിരുന്നവർ ഉടൻ ട്രെയിൻ നിർത്തിച്ച്, അജേഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഎസ്എസ് സിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ആര്യയാണ് അജേഷിന്റെ ഭാര്യ.