കിഴക്കമ്പലം അക്രമം: അന്വേഷണത്തിന് തൊഴിൽ വകുപ്പും; ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി

വിശദമായ പരിശോധന നടത്താനും, എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം
മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

കാസര്‍കോട്: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികളായ ഇതരസംസ്ഥാനക്കാര്‍ പൊലീസിന് നേര്‍ക്ക് അക്രമം നടത്തിയ സംഭവത്തില്‍ ലേബര്‍ കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്താനും, എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

ലേബര്‍ ക്യാമ്പുകളെ സംബന്ധിച്ചും, തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. മുമ്പ് കിറ്റെക്‌സില്‍ ലേബര്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയ്ക്ക് പോയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അതും ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. കിറ്റെകിസിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്നലെ സര്‍ക്കാരിന് പ്രാരംഭ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് ബ്ലോക്കുകളിലായി 1758 തൊഴിലാളികള്‍ ഉള്ളതായാണ് വിവരം. എന്നാല്‍ 500 തൊഴിലാളികള്‍ മാത്രമേ ഉള്ളൂ എന്നാണ് കിറ്റെക്‌സ് മാനേജ്‌മെന്റ് പറയുന്നത്. 

കിഴക്കമ്പലത്തെ അക്രമവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പിന് പുറമേ, പൊലീസും അന്വേഷിക്കുന്നുണ്ട്. ക്രമസമാധാനവുമായി ബന്ധപ്പെട്ട, പൊലീസിനെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

തൊളിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്

ലേബര്‍ ഡിപ്പാര്‍ട്ട് മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കം ലൈഫ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്‍രെ പരിഗണനയിലുണ്ട്. നോക്കുകൂലിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. എവിടെയെങ്കിലും സംഭവിച്ച ചെറിയ കാര്യമാണ് പര്‍വതീകരിച്ച് വരുന്നത്. നോക്കുകൂലിക്കെതിരെ പ്രചാരണം നടത്താന്‍ ലേബര്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 

18 മേഖലകളില്‍ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ജനുവരി 31 നകം സമ്മാനം വിതരണം ചെയ്യും. മികച്ച തൊഴിലാളികളെ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രേഡ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  വജ്ര, സുവര്‍ണ, രജത തുടങ്ങിയ മൂന്നു തരത്തിലാണ് ഗ്രേഡുകള്‍ നല്‍കുക. തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തൊഴില്‍ അദാലത്ത് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com