സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം; കടകള്‍ രാത്രി 10 ന് അടയ്ക്കണം; അനാവശ്യ യാത്രകള്‍ അനുവദിക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 05:46 PM  |  

Last Updated: 27th December 2021 05:55 PM  |   A+A-   |  

night curfew police checking

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. കോവിഡ് അവലോകന യോഗമാണ് ഈ തീരുമാനമെടുത്തത്. 

ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.  കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്‍രെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പൊലീസ് പരിശോധന കർശനമാക്കും

ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.