'ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ 'ഇടതുപക്ഷം' ?'

'മോഹന്‍ലാല്‍- പ്രിയദര്‍ശന്‍- എംജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല'
എംജി ശ്രീകുമാർ/ ഫയൽ ചിത്രം
എംജി ശ്രീകുമാർ/ ഫയൽ ചിത്രം


തിരുവനന്തപുരം: സംഗീതനാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എംജി ശ്രീകുമാറിനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. ബിജെപി ചായ്‌വുള്ള ശ്രീകുമാറിനെ എന്തിനാണ് സംഗീതനാടക അക്കാദമിയുടെ തലപ്പത്ത് അവരോധിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനം. സിപിഎം തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടിയും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും വിമര്‍ശനവുമായി രംഗത്തെത്തി. 

ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്. ഇന്ന് കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് ബല്‍റാം ചോദിച്ചു. ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ 'ഇടതുപക്ഷം' ? ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 

'ഇതിലും മികച്ച ഒരു നായര്‍ ആ കുടുംബത്തില്‍ തന്നെയുണ്ട്'

തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലതെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. നായന്മാരെ കൂടെ നിര്‍ത്തണമെങ്കില്‍ ഇതിലും മികച്ച ഒരു നായര്‍, അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകള്‍ ഉള്ള ഒരു നായര്‍ സ്ത്രീ ആ കുടുംബത്തില്‍ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ'ക്കുറവേ'യുള്ളു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ എംജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല. ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെയും, സംഗീതനാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എംജി ശ്രീകുമാറിനെയും നിയമിക്കാന്‍ തീരുമാനിച്ചത്. വിമര്‍ശനം ശക്തമായതോടെ, ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. 

അതിനിടെ 2016ല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് എം ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ അടക്കം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അന്ന് കഴക്കൂട്ടത്ത് താമര വിരിയുമെന്ന് എം ജി ശ്രീകുമാര്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച വാര്‍ത്തയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.


വി ടി ബല്‍റാമിന്റെ കുറിപ്പ്: 

ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും 'ഇടതുപക്ഷ സ്വഭാവം' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല.
അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണ്.
അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ 'ഇടതുപക്ഷം' ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com