നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 06:38 AM  |  

Last Updated: 30th December 2021 06:38 AM  |   A+A-   |  

actress assault case

നടന്‍ ദിലീപ്, ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ രാജിവച്ചു. അഡ്വ വി എൻ അനിൽകുമാറാണ് രാജിവച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫിസിൽ തീരുമാനം അറിയിച്ചു. 

ഇതോടെ കേസിൽ അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. നടിയ ആക്രമിച്ച കേസിൽ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജിവെക്കുന്നത്. വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ചായിരുന്നു നേരത്തെയും പ്രോസിക്യൂട്ടറുടെ രാജി. അന്ന് വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. 

പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി

സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ഹൈക്കോടയിൽ ആരോപിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ബുധനാഴ്ച പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായി. 

അതേസമയം കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. തുടർ അന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. പൊലീസിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.