ശശീന്ദ്രന്‍ നിന്നോട്ടെ; ഞാന്‍ ഘടകകക്ഷിയായി യുഡിഎഫിലേക്ക് പോകും; നിലപാട് വ്യക്തമാക്കി കാപ്പന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 12:40 PM |
Last Updated: 12th February 2021 12:40 PM | A+A A- |

മാണി സി കാപ്പന്‍ / ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേരും. ഇനി ഇത് സംബന്ധിച്ച് ശരദ് പവാറിനെ കാണില്ല. പവാര്‍ തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതായും കാപ്പന്‍ പറഞ്ഞു.
ശശീന്ദ്രന്‍ ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുള്ളി എല്‍ഡിഎഫില്‍ പാറപോലെ ഉറച്ചുനിന്നോട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.