വോട്ട് മല കയറാന്‍ ത്രികോണപ്പോര്; ആനക്കൂടിന്റെ നാട്ടില്‍ ആര്?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 05:10 PM  |  

Last Updated: 31st March 2021 07:05 PM  |   A+A-   |  

konni

തെരഞ്ഞെടുപ്പ് കാറ്റിനിത്തിരി ചൂട് കൂടുതലാണ് ആനക്കൂടുകളുടെ നാട് എന്നറിയിപ്പെടുന്ന കോന്നി മണ്ഡലത്തില്‍

 


'പാലാ പോന്നില്ലേ പിന്നല്ലേ കോന്നി' 2019 ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ പ്രസിദ്ധമായ എല്‍ഡിഎഫ് പ്രചാരണ വീഡിയോ മലയാളികള്‍ അങ്ങനെ മറന്നുകാണാന്‍ വഴിയില്ല. മാറുന്ന രാഷ്ട്രീയ നീക്കങ്ങളില്‍പ്പെട്ട് മാണി സി കാപ്പന്‍ ഇന്ന് എല്‍ഡിഎഫിനൊപ്പമില്ല. എന്നാല്‍ ശബരിമല അവിടെത്തന്നെയുണ്ട്. 

യുവതീ പ്രവേശന വിധിയും അതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളും 2019ലേതിന് സമാനമായി ഈ തെരഞ്ഞെടുപ്പിലും ഒരു പ്രചാരണ ആയുധമാണ്. ആരോപണ, പ്രത്യാരോപണങ്ങളുമായി മുന്നണികള്‍ കളം നിറയുമ്പോള്‍ ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മണ്ഡലങ്ങളില്‍ ഒന്നായ കോന്നി ആര്‍ക്കൊപ്പം നില്‍ക്കും എന്ന്് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. 

ആനക്കൂടുകളുടെ നാട്ടില്‍ വോട്ട് മല കയറ്റം കഠിനം

തെരഞ്ഞെടുപ്പ് കാറ്റിനിത്തിരി ചൂട് കൂടുതലാണ് ആനക്കൂടുകളുടെ നാട് എന്നറിയിപ്പെടുന്ന കോന്നി മണ്ഡലത്തില്‍. നാടിനോളം വിസ്തൃതിയില്‍ കാടു വളര്‍ന്നു പന്തലിച്ച മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്ന്. നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി യുഡിഎഫ്.പ്രതാപം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് കളത്തിലിറിക്കിയിരിക്കുന്നത് അടൂര്‍ പ്രകാശിന്റെ വിശ്വസ്ഥന്‍ റോബിന്‍ പീറ്ററിനെ. അടൂര്‍ പ്രകാശ് 23 വര്‍ഷം സുരക്ഷിതമായി കൊണ്ടുനടന്ന മണ്ഡലം അട്ടിമറിയിലൂടെ നേടിയതിന്റെ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്. 2019 ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിച്ച കെ യു ജനീഷ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 


ശബരിമലയില്‍ കറങ്ങിയ കോന്നി ഉപതെരഞ്ഞെടുപ്പ്

2019ല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലേക്ക് പോയപ്പോളാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലേതു പോലെ ശബരിമല വിഷയം ഉയര്‍ത്തി സുരേന്ദ്രന്‍ കളത്തില്‍. യുഡിഎഫിന്റെ മോഹന്‍രാജും എല്‍ഡിഎഫിന്റെ ജനീഷ് കുമാറും എതിര്‍ സ്ഥാനാര്‍ത്ഥികള്‍. പ്രചാരണങ്ങളെല്ലാം ശബരിമല കേന്ദ്രീകരിച്ച്. 

എന്നാല്‍ ഫലം വന്നപ്പോള്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 39,786വോട്ട്. പി മോഹന്‍രാജ് 44,146വോട്ട് നേടി. ജനീഷ് കുമാര്‍ 54,099വോട്ട് നേടി ചെങ്കൊടിയുയര്‍ത്തി. റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതും കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരുമാണ് പതനത്തിന് പിന്നിലെന്ന് യുഡിഎഫ് വിലയിരുത്തല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഉരുക്കു കോട്ടയായിരുന്ന ആറ്റിങ്ങല്‍ മണ്ഡലം തട്ടിയെടുത്ത അടൂര്‍ പ്രകാശിന്റെ തട്ടകം പിടിച്ചെടുത്തതിന്റെ ആശ്വാസത്തില്‍ എല്‍ഡിഎഫ്. 

ഹെലികോപ്റ്ററില്‍ പറന്നെത്തിയ സുരേന്ദ്രന്‍ 

നേതാക്കള്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവ് കാഴ്ചയാണെങ്കിലും, അടുത്തെങ്ങും കേരളത്തില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഇത്തവണ പക്ഷെ, കെ സുരേന്ദ്രന്‍ ചരിത്രം തിരുത്തി. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു.

കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ഫെയ്സ്ബുക്ക്‌
 

രണ്ട് മണ്ഡലങ്ങളിലും പറന്നെത്താന്‍ സുരേന്ദ്രന് പാര്‍ട്ടി ഹെലികോപ്റ്ററും നല്‍കി. വിജയത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും മണ്ഡലത്തില്‍ അടിത്തറയുണ്ടാക്കാന്‍ സാധിച്ചെന്നാണ് ബിജെപി നിഗമനം. ആ അടിത്തറ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രന്‍. 

ഒന്നര വര്‍ഷം, ഓടിനടന്ന് റോഡ് ശരിയാക്കിയ ജനീഷ് കുമാര്‍

ഇരുമുന്നണികളും ശബരിമല കേന്ദ്രീകരിച്ച് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍, കൈപൊള്ളാതെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. പ്രചാരണം തുടര്‍ഭരണവും വികസനവും കേന്ദ്രീകരിച്ച്. അടൂര്‍ പ്രകാശ് 23വര്‍ഷം കൊണ്ടുനടന്നിട്ടും നടത്താന്‍ സാധിക്കാത്ത വികസനം, കയ്യില്‍ കിട്ടിയ ഒന്നര വര്‍ഷം കൊണ്ട് നടപ്പാക്കി എന്നാണ് ജനീഷ് കുമാറിന്റെ അവകാശവാദം.

ജനീഷ് കുമാര്‍ പ്രചരണത്തില്‍/ഫെയ്‌സ്ബുക്ക്‌
 

റോഡ് ശരിയാക്കലായിരുന്നു ജനീഷ് കുമാറിന്റെ 'മെയിന്‍'. പണിപൂര്‍ത്തിയാക്കിയ നൂറു റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനായത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 11 പഞ്ചായത്തുകളില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫിനാണ് ഭരണം. 

തമ്മിലടിയില്‍ വീണുപോയ കോട്ട, കെട്ടിപ്പൊക്കാന്‍ റോബിന്‍ പീറ്റര്‍

1996ല്‍ വെറും 806വോട്ടിനാണ് അടൂര്‍ പ്രകാശ് ആദ്യമായി കോന്നിയില്‍ ജയിക്കുന്നത്. 2019വരെ 23വര്‍ഷം പിന്നീട് അടൂര്‍ പ്രകാശ് അടക്കിവാണു. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററിനെ നിര്‍ത്താനുള്ള പ്രകാശിന്റെ നീക്കം പിഴച്ചു. പകരം വന്നത് പി മോഹന്‍രാജ്. ഫലം പതിനായിരം വോട്ടിന് മുകളില്‍ എല്‍ഡിഎഫിന്റെ വിജയം. 

റോബിന്‍ പീറ്റര്‍ പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്‌
 

തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ശ്രമിക്കുന്നു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ മോഹന്‍രാജ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയിരുന്നു. തമ്മിലടിച്ചു നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കണം എന്ന തീരുമാനത്തിന്‍ പുറത്താണ് റോബിന്‍ പീറ്ററിനെ ഇറക്കാന്‍ നേതൃത്വം തീരുമാനിച്ചത്. റോബിന്‍ പീറ്ററിനെ വിജയിപ്പിക്കുക എന്നത് അടൂര്‍ പ്രകാശിന്റെയും അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് പ്രകാശ് കോന്നി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നു.