ചരിത്രം കുറിച്ച് എല്‍ഡിഎഫ്; ആദ്യമായി തുടര്‍ഭരണം, തകര്‍ന്നടിഞ്ഞ് യുഡിഎഫ്, ബിജെപിയുടെ അക്കൗണ്ട് പൂട്ടി

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം. യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം.
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം.
Published on
Updated on


രിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം. യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 140ല്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. 41സീറ്റുകളില്‍ ഒതുങ്ങി യുഡിഎഫ്. ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ട് ബിജെപി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതല്‍ തന്നെ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. ഒരുഘട്ടത്തില്‍പ്പോലും യുഡിഎഫിന് അറുപതിലേക്ക് ലീഡ് നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ജയിക്കാന്‍ വിയര്‍ത്തു. മലപ്പുറം, വയനാട്,എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് ആശ്വാസിക്കാന്‍ അവസരം ലഭിച്ചത്. 

തിരുവനന്തപുരം ജില്ലയില്‍ കോവളം മാത്രം യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ കൊല്ലത്ത് നില മെച്ചപ്പെടുത്താന്‍ യുഡിഎഫിനായി. കഴിഞ്ഞവണ ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് യുഡിഎഫ് കരുനാഗപ്പള്ളിയും കുണ്ടറയും
പിടിച്ചെടുത്തു. ജെ മെഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ തോറ്റു. തോറ്റ ഒരേയൊരു മന്ത്രിയാണ് മെഴ്‌സിക്കുട്ടിയമ്മ. 

പത്തനംതിട്ട മൊത്തത്തില്‍ ചുവന്നപ്പോള്‍, ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് ചുവപ്പ് കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. 

എറണാകുളത്ത് എല്‍ഡിഎഫിന്റെ സ്ഥിതി മെച്ചപ്പെട്ടു. അഞ്ചിടങ്ങളില്‍ ജയിക്കാനായി. ഇടുക്കിയില്‍ തൊടുപുഴയിലെ പി ജെ ജോസഫ് അല്ലാതെ ആരും രക്ഷപ്പെട്ടില്ല. 

ചാലക്കുടി മാത്രമാണ് തൃശൂരില്‍ യുഡിഎഫിനെ തുണച്ചത്. ബിജെപി കരുത്തു കാട്ടിയ തൃശൂരില്‍ എല്‍ഡിഎഫ് അവസാനം വരെ പൊരുതി വിജയം പിടിച്ചെടുത്തു. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടും പാലക്കാടും മാത്രം യുഡിഎഫിനൊപ്പം ചേര്‍ന്നു. ഇതില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ വിജയം മികച്ചതായി ബിജെപിയുടെ ഇ ശ്രീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്‌.

മലപ്പുറത്ത് യുഡിഎഫ് എട്ട് സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് അഞ്ച് സീറ്റില്‍ ജയിച്ചു. കോഴിക്കോട് വടകരയില്‍ കെ കെ രമയുടെ വിജയം സിപിഎമ്മിന് രാഷ്ട്രീയമായ തിരിച്ചടിയായി. കൊടുവള്ളി മാത്രമാണ് വടകര കൂടാതെ യുഡിഎഫിനെ തുണച്ചത്. വയനാട്ടില്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ജയിച്ചു.

യുഡിഎഫ് തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപി ചിത്രത്തിലേ ഇല്ലാതായി. രണ്ടിടത്ത് മത്സരിച്ച കെ സുരേന്ദ്രനും സിറ്റിങ് സീറ്റായ നേമത്ത് കുമ്മനവും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തോല്‍വി അറിഞ്ഞു. 

അനില്‍ അക്കര, വി ടി ബല്‍റാം, എം കെ മുനീര്‍, കെ എസ് ശബരീനാഥന്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി നിരവധി പ്രമുഖ യുഡിഎഫ് നേതാക്കള്‍ തോല്‍വി ഏറ്റുവാങ്ങി. എല്‍ദോ എബ്രഹാമും ജോസ് കെ മാണിയുമാണ് എല്‍ഡിഎഫ് നിരയില്‍ തോറ്റ പ്രമുഖര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com