റിസര്‍വേഷന്‍ വേണ്ട; കൂടുതല്‍ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍; സീസണ്‍ ടിക്കറ്റും ഇന്നുമുതല്‍; യുടിഎസും തുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 06:40 AM  |  

Last Updated: 01st November 2021 07:18 AM  |   A+A-   |  

TRAIN

പ്രതീകാത്മക ചിത്രം

 

 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌പെഷല്‍ ട്രെയിനുകളായി  റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. ഇന്നു മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന ട്രെയിനുകളിൽ ഇന്നു മുതൽ സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാം. എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിലാണ് ഇന്നുമുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കുന്നത്. അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ (യു.ടി.എസ്.) ഇന്നുമുതൽ പ്രവർത്തനസജ്ജമാവും.  റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവർത്തിക്കും.

ജെടിബിഎസ് തുറക്കുന്നു

ജനസാധാരൺ ടിക്കറ്റ് ബുക്കിങ് സേവക് (ജെടിബിഎസ്) കേന്ദ്രങ്ങളും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുപുറത്ത് സ്വകാര്യ ഏജൻസികൾ നടത്തുന്ന ജെടിബിഎസ്. ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും. 2020 മാർച്ച് 24-ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സീസൺ ടിക്കറ്റുകളിൽ 20 ദിവസം സഞ്ചരിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ പുതുക്കുമ്പോൾ അവ പുനഃസ്ഥാപിച്ചു കിട്ടും.

സീസൺ ടിക്കറ്റുകൾ ഈ ട്രെയിനുകളിൽ

കണ്ണൂർ-കോയമ്പത്തൂർ, എറണാകുളം-കണ്ണൂർ, കണ്ണൂർ-ആലപ്പുഴ, കോട്ടയം-നിലമ്പൂർ റോഡ്, തിരുവനന്തപുരം-എറണാകുളം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി, രാമേശ്വരം-തിരുച്ചിറപ്പള്ളി, ചെന്നൈ സെൻട്രൽ-ജോലാർപ്പേട്ട, തിരുവനന്തപുരം-ഗുരുവായൂർ, നാഗർകോവിൽ-കോട്ടയം, പാലക്കാട് ടൗൺ -തിരുച്ചിറപ്പള്ളി എന്നീ ട്രെയിനുകളിലാണ് നവംബർ ഒന്നുമുതൽ യുടിഎസ്, സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കുന്നത്.

കൂടുതൽ പാസഞ്ചർ സർവീസുകൾ

മംഗളൂരു-കോയമ്പത്തൂർ, നാഗർകോവിൽ-കോയമ്പത്തൂർ എന്നീ തീവണ്ടികളിൽ ഈ മാസം പത്തുമുതൽ ജനറൽ കോച്ചുകൾ ആരംഭിക്കും.  കോവിഡ് വ്യാപനത്തിനുശേഷം പൂർണമായും റിസർവ്ഡ് കോച്ചുകളായി സർവീസ് നടത്തിയിരുന്ന ട്രെയിനുകളിലാണ് ഘട്ടംഘച്ചമായി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നത്.  കേരളത്തിൽ കൂടുതൽ പാസഞ്ചർ സർവീസുകൾ സംബന്ധിച്ച് ദീപാവലിക്ക് ശേഷം തീരുമാനമുണ്ടായേക്കും.