ജി സുധാകരന് പരസ്യ ശാസന; തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ചയില്‍ പാര്‍ട്ടി നടപടി

പ്രചാരണത്തിൽ ജി സുധാകരൻ പൂർണമനസ്സോടെ പ്രവർത്തിച്ചില്ലെന്ന് സിപിഎം വിലയിരുത്തി
ജി സുധാകരൻ/ ഫെയ്സ്ബുക്ക് ചിത്രം
ജി സുധാകരൻ/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍മന്ത്രി ജി സുധാകരനെതിരെ പാര്‍ട്ടി അച്ചടക്കനടപടി. ജി സുധാകരന് പരസ്യശാസന നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സുധാകരന്റെ ഭാഗത്തു നിന്നും പ്രചാരണത്തില്‍ അലംഭാവം ഉണ്ടായതായി നേതൃയോഗം വിലയിരുത്തി. സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. സുധാകരന്‍ അച്ചടക്ക നടപടി നേരിടുന്നത് രണ്ടാം തവണയാണ്. 

നേരത്തെ അമ്പലപ്പുഴയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി.  സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ആവശ്യമായ നടപടികള്‍ സുധാകരന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.

എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍. സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നില്ല. സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം എംഎല്‍എക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് മടങ്ങി വരുന്ന കാര്യം സംസ്ഥാന നേതൃയോഗം പരിഗണിച്ചില്ലെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com