ആ കാർ ചങ്ങനാശേരിയിൽ ഉണ്ട്! അമിത വേ​ഗം ക്യാമറയിൽ; വഴിത്തിരിവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 07:21 AM  |  

Last Updated: 06th November 2021 07:21 AM  |   A+A-   |  

car

പ്രതീകാത്മക ചിത്രം

 

തൃശൂർ: ആറ് വർഷം മുൻപ് കടത്തിക്കൊണ്ടുപോയ കാർ ചങ്ങനാശേരിയിൽ കണ്ടെത്തി. കോടന്നൂർ പള്ളിപ്പുറത്തു നിന്നാണ് ആറ് വർഷം മുൻപ് കാർ കടത്തിക്കൊണ്ടു പോയത്. ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയുടെ കാറാണ്, ഭർത്താവിന്റെ കൂട്ടുകാർ എന്ന വ്യാജേന എത്തിയ രണ്ട് പേർ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് കൊണ്ടുപോയത്. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടു കിട്ടാതെ വന്നതിനെത്തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഈ വാഹനം അമിത വേഗത്തിൽ ഓടിച്ചത് മോട്ടർ വാഹന വകുപ്പ് കൊട്ടാരക്കരയിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽപ്പെട്ടതിനെത്തുടർന്ന് പിഴ ഒടുക്കാൻ പരാതിക്കാരിക്കു നോട്ടീസ് നൽകിയതു കേസിൽ വഴിത്തിരിവായി. കാറിന്റെ ഇൻഷുറൻസ് എടുത്തിട്ടുള്ള കമ്പനിയുമായി ബന്ധപ്പെട്ട്, സിഐ ടിവി ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇൻഷുറൻസ് ഏജന്റിനെ മനസ്സിലാക്കി.

ഇദ്ദേഹത്തെ ഇൻഷുറൻസ് അടയ്ക്കാൻ ഏൽപിച്ച വിദേശത്തുള്ള വ്യക്തിയുടെ നാട്ടിലെ വീട്ടിൽ കാർ കണ്ടെത്തുകയുമായിരുന്നു. വാഹനം എങ്ങനെ വിദേശത്തുള്ള വ്യക്തിയുടെ കൈവശം എത്തി എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.