കല്ലടയാറിൽ കുളിക്കാനിറങ്ങി; ബന്ധുക്കളായ യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 12:53 PM  |  

Last Updated: 08th November 2021 12:53 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊല്ലം: കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (23 ) അൽത്താഫ് (26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ പരപ്പാർ ഡാമിനു സമീപത്ത് ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. 

ആദ്യം ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. അടുത്തയാൾ രക്ഷിക്കാൻ ഇറങ്ങിയതോടെ രണ്ട് പേരും കയത്തിൽ മുങ്ങി താഴുകയായിരുന്നു. രണ്ട് പേരും ബന്ധുക്കളാണ്. ഡാം പാലത്തിൽ നിന്ന് അപകടം കണ്ട് ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസമായി. 

പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിവെച്ചിരിക്കുന്നതിനാൽ കല്ലടയാറിൽ ഒഴുക്ക് ശക്തമായിട്ടുണ്ട്. 20 മിനിറ്റിനു ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തെന്മല പൊലീസും നാട്ടുകാരും ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.