മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടി : വി ഡി സതീശന്‍

സര്‍ക്കാര്‍ അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ഭരണമാണ് കേരളത്തിലെന്ന് തമിഴ്‌നാട് മന്ത്രി തന്നെ ചോദിച്ചു
വി ഡി സതീശൻ / ഫയൽ ചിത്രം
വി ഡി സതീശൻ / ഫയൽ ചിത്രം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉത്തരവ് മാറ്റിവയ്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. സുപ്രീം കോടതിയില്‍ കേരളം തോറ്റു കൊടുക്കുകയാണ്. ഗുരുതരമായ സ്ഥിതിയാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. 

പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍, മരംമുറിയെപ്പറ്റി സര്‍ക്കാരിന് ഒരു അറിവുമില്ലെന്നും, ഏതോ ഒരുദ്യോഗസ്ഥന്‍ ചെയ്തതാണെന്ന മട്ടിലാണ് വനംമന്ത്രി മറുപടി പറഞ്ഞത്. എന്നാല്‍ നിയമസഭയിലെ മറുപടിക്ക് ശേഷം ഒരുപാട് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇതെല്ലാം നടന്നിരിക്കുന്നതെന്ന് വ്യക്തമാകുന്നു. 

ജൂണ്‍ 11 ന് ബേബി ഡാമിന്റെ പരിസരത്ത് തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയതായി തെളിഞ്ഞു. സെപ്റ്റംബര്‍ 17 ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി മരംമുറിക്കാന്‍ തീരുമാനമെടുത്തു. അതിന്റെ ഭാഗമായി ഒക്ടോബര്‍ 27 ന് , മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിലെ പ്രതിനിധി കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തില്‍ ബേബി ഡാമിന്റെ പരിസരത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തീരുമാനമെടുത്തു. ഇക്കാര്യം സുപ്രീംകോടതിയെയും കേരളം അറിയിച്ചിട്ടുണ്ട്. 

അതിന് ശേഷം ഒക്ടോബര്‍ 5 ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. എന്നിട്ട് സര്‍ക്കാര്‍ നിയമസഭയെയും ജനങ്ങളയും കബളിപ്പിച്ചു. സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. സര്‍ക്കാര്‍ അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ഭരണമാണ് കേരളത്തിലെന്ന് തമിഴ്‌നാട് മന്ത്രി തന്നെ ചോദിച്ചു. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാകുകയാണ്. മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ്. ഇതോടുകൂടി സുപ്രീംകോടതിയില്‍ കേരളത്തിന്റെ കേസ് ഇല്ലാതാകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com