കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഓടിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണു; മനോധൈര്യം കൈവിടാതിരുന്നതോടെ വന്‍ ദുരന്തം ഒഴിവായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 07:54 AM  |  

Last Updated: 11th November 2021 07:57 AM  |   A+A-   |  

ksrtc strike

പ്രതീകാത്മക ചിത്രം


ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് ഡ്രൈവർ. കുഴഞ്ഞു വീഴുന്നതിന് ഇടയിൽ വണ്ടി നിർത്താൻ ഡ്രൈവർക്ക് സാധിച്ചതോടെ വൻ ദുരന്തം ഒഴിവായി.  

പാലക്കാട്ടു നിന്നു പാറശാലയിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ വൈക്കം സ്വദേശി എൻജി ബിജുവിനാണ് ബസ് ഓടിക്കുന്നതിന് ഇടയിൽ‌ ബോധക്ഷയം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിനു സമീപമായിരുന്നു സംഭവം. ബസ് നിന്നതും ബോധംകെട്ടു വീണതും ഒരുമിച്ചായിരുന്നു. 

ബസിലുണ്ടായിരുന്ന ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതുവഴി വന്ന വാഹനങ്ങൾ ഒന്നും നിർത്തിയില്ല. ഇതോടെ കെഎസ്ആർടിസി ഓർഡിനറി ബസ് ഡ്രൈവർ സൂപ്പർ ഫാസ്റ്റ് ഓടിച്ച് ആശുപത്രിയിൽ എത്തിച്ചു. ബിജുവിനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. 

ചൊവ്വാഴ്ച 2.30നു പാറശാലയിൽ നിന്നു പുറപ്പെട്ടതാണ് സൂപ്പർഫാസ്റ്റ്. ബുധനാഴ്ച പുലർച്ചെ മൂന്നിനാണു പാലക്കാട്ട് എത്തിയത്. അവിടെ നിന്നു രാവിലെ 6.15നു തിരിച്ച് വൈകിട്ട് 4.30നു പാറശാലയിൽ എത്തുന്ന സർവീസാണിത്. ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്രമിക്കാൻ 2 മണിക്കൂർ മാത്രമാണു ലഭിക്കുന്നത്.