കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു; ആര്യങ്കാവില്‍ വെള്ളപ്പൊക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 07:55 AM  |  

Last Updated: 11th November 2021 08:10 AM  |   A+A-   |  

land slide

ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം/ ടെലിവിഷൻ ദൃശ്യം

 

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയം എരുമേലി കീരിത്തോട്-പാറക്കടവില്‍ രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. 

ഒഴുക്കില്‍പ്പെട്ട ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകൾ ഒലിച്ചുപോയി. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞു വീണു തകര്‍ന്നു. മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ രാവിലെയും തുടര്‍ന്നു. 
 
പത്തനംതിട്ട കോന്നി കോക്കാത്തോട് വനമേഖലയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. കോക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. അട്ടച്ചാക്കല്‍ -കോന്നി റോഡില്‍ വെള്ളം കയറി. കനത്ത മഴ.യെത്തുടര്‍ന്ന് അച്ചന്‍ കോവില്‍ ആറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആര്യങ്കാവ് മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്.