മാസ്‌ക് ധരിച്ചില്ല; ജോജുവിന് എതിരെ കേസ്, 500രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 07:50 PM  |  

Last Updated: 13th November 2021 07:50 PM  |   A+A-   |  

joju george

ഫയല്‍ ചിത്രം


കൊച്ചി:മാസ്‌ക് ധരിക്കാതെ പൊതു സ്ഥലത്ത് നിന്നതിന് നടന്‍ ജോജു ജോര്‍ജിന് എതിരെ കേസ്. മരട് പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിസിപിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു പൊലീസ് നടപടി. 500രൂപ പിഴ ഒടുക്കണം. 

പെട്രോള്‍ വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തം ചോദ്യം ചെയ്ത ജോജുവിന്റെ വാഹനം അടിച്ചുതകര്‍ത്തത് ഉള്‍പ്പെടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോജു മാസ്‌ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷാജഹാന്‍ പരാതി നല്‍കിയത്. 

സംഭവ ദിവസം തന്നെ ജോജുവിനെതിരെ  കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളില്‍ ജോജു സ്റ്റേഷനില്‍ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റു നടപടികള്‍ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈറ്റിലയില്‍ സമരത്തില്‍ പങ്കെടുത്തതിന് ഷാജഹാന്‍ ഉള്‍പ്പടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഷാജഹാനു കഴിഞ്ഞ ദിവസമാണു കോടതി ജാമ്യം നല്‍കിയത്.