

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടന്നതായി പൊലീസ്.
കുണ്ടന്നൂർ മുതൽ കാറുകൾ മത്സരയോട്ടം നടത്തി. ഇവരെ പിന്തുടർന്ന ആ ഓഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ കിട്ടിയത്. അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ അടുത്ത ദിവസം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാകുക. സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോൾ വേണമെങ്കിലും വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതകളില്ലെന്നാണു വിവരം. കുണ്ടന്നൂരിൽ വാക്കു തർക്കമല്ല, യുവതികൾ ഉൾപ്പടെയുള്ളവർക്കു ഹോട്ടലിൽ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാൻ പറയുന്നതിനാണു പിന്തുടർന്നത് എന്നുമാണ് സൈജു നൽകിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ലെന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറഞ്ഞത്.
നിലവിൽ ഹോട്ടൽ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു. ഇയാൾ കേസിൽ പ്രതിയല്ലാത്തതിനാൽ ഒളിവിലാണെന്നു പറയാനാകില്ല. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനു തെളിവു നശിപ്പിച്ചെന്ന പേരിൽ കേസെടുക്കേണ്ട സാഹചര്യമില്ല. ഹോട്ടലിനുള്ളിലെ ദൃശ്യങ്ങൾ ഉള്ള ഹാർഡ് ഡിസ്ക് പൊലീസിനു ലഭിച്ചിട്ടില്ല. അകത്തു നടന്ന ഇടപാടുകളും, ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം ഹാർഡ് ഡിസ്ക് നശിപ്പിച്ചതെന്നാണു സൂചന.
കൂടുതൽ പരിശോധനയിൽ ഹോട്ടലിനു പുറത്തേക്കു യുവതികൾ വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്താണ് ഇറങ്ങി പോകുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഒക്ടോബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാർട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റി. ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates