ചക്രവാത ചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും; അതി ​​ജാ​ഗ്രത

ചക്രവാത ചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും; അതി ​​ജാ​ഗ്രത
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് റെഡ് അലർട്ട് നിലവിലുണ്ട്. ശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. 

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ  തൃശൂർ, എറണാകുളം എന്നീ  ജില്ലകളിലെ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലയിലാണ് തീവ്രമഴ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ,ആലപ്പുഴ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്. നാളെ  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

25 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും കേരള തീരത്തു നിന്ന് മത്സ്യ ബന്ധനം നിരോധിച്ചു. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ നവംബർ 15 നു ഉള്ളിൽ തീരത്ത് എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

തലസ്ഥാന ജില്ലയിൽ വ്യാപക നാശനഷ്ടം

ശനിയാഴ്ച പെയ്ത കനത്ത മഴയിൽ തലസ്ഥാന ജില്ലയിൽ വ്യാപക നാശനഷ്ടം. മലയോര മേഖലയിലും തീരദേശ മേഖലയിലും നഗരപ്രദേശത്തും നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. റെയിൽ റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയർത്തിയിരിക്കുന്നതിനാൽ സമീപവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഭാഗമായുള്ള മഴയും ലഭിക്കുന്നുണ്ട്. ന്യൂനമർദത്തെ കാലാവസ്ഥാ കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. 

ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ/അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതിശക്ത മഴ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com