

കോഴിക്കോട്: ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ അടയ്ക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവ്. സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടറോട് ഡിഎംഒ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിനിടയിൽ, പ്രാഥമിക ചികിൽസ നൽകിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.
പോസ്റ്റുമോർട്ടത്തിൽ മരണകാരണം എന്താണെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് തവണ കുട്ടിയെ കൊണ്ട് പോയിരുന്നു. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ അത് പരിഗണിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വധുവിന്റ വീട്ടിലെ സല്‍ക്കാരത്തിലും യാമിൻ പങ്കെടുത്തിരുന്നു
വധുവിന്റ വീട്ടിലെ വിവാഹ സല്‍ക്കാരത്തിലും യാമിൻ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് രണ്ടിടത്തും ഭക്ഷണം വിതരണം ചെയ്ത കടക്കാരോട്, മരണകാരണം കണ്ടെത്തുന്നതു വരെ കടകൾ അടച്ചിടാൻ നിർദേശിച്ചിരിക്കുന്നത്. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ആദ്യം വയറ് വേദന അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ യാമിന്റ നില ഗുരുതരമായി. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികളും ചികിത്സയിലാണ്. വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലെ കുട്ടികൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്.
ആകെ 11 കുട്ടികളെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്‌നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates